‘ഈ ജയം എവിടെയോ നിന്ന് ഞങ്ങളെ പിന്തുണയ്ക്കുന്ന മറഡോണയ്ക്ക്’; പോസ്റ്റുമായി മെസി

കോപ്പ അമേരിക്ക കിരീടനേട്ടം ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് സമർപ്പിച്ച് അർജൻ്റീന നായകൻ ലയണൽ മെസി. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച സുദീർഘമായ കുറിപ്പിലാണ് മെസിയുടെ സമർപ്പണം. മറഡോണയ്ക്കൊപ്പം കുടുംബത്തിനും സുഹൃത്തുക്കൾക്കും അർജൻ്റൈൻ ജനതയ്ക്കും മെസി കോപ്പ സമർപ്പിച്ചു. കോപ ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ അവരുടെ നാട്ടിൽ, ചരിത്രപ്രസിദ്ധമായ മാരക്കാനയിൽ വച്ച് കീഴടക്കിയാണ് അർജൻ്റെന 15ആം കോപ്പ സ്വന്തമാക്കിയത്. ഏഞ്ചൽ ഡി മരിയ ആണ് 22ആം മിനിട്ടിൽ വിജയഗോൾ നേടിയത്.
‘ഈ കോപ്പ അമേരിക്ക വളരെ അവിശ്വസനീയമായ ഒരു ടൂർണമെൻറായിരുന്നു. ഒരുപാട് കാര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താനുണ്ടെന്ന് അറിയാം. എന്നാലും ടീം അംഗങ്ങൾ എല്ലാവരും രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. അതിശയിപ്പിക്കുന്ന ഈ ടീമിൻറെ നായകനാകാനുള്ള ഭാഗ്യം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. മുന്നോട്ടുപോകാനായി എനിക്ക് എല്ലാ ചാലകശക്തിയും നൽകിയ എൻറെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങളിൽ വിശ്വാസമർപ്പിച്ച ഓരോരുത്തർക്കും ഈ മഹാമാരി കാലത്തും ഞങ്ങളെ ഹൃദയം കൊണ്ട് പിന്തുണച്ച 45 മില്യൺ അർജൻ്റൈൻ ജനതയ്ക്കും ഈ വിജയം ഞങ്ങൾ സമർപ്പിക്കുന്നു. ഒപ്പം, എവിടെയോ നിന്ന് ഞങ്ങളെ ഇപ്പോഴും പിന്തുണക്കുന്ന ഡീഗോക്കും ഈ വിജയം സമർപ്പിക്കുന്നു. ആഘോഷങ്ങൾ തുടരുന്നതിനോടൊപ്പം സ്വയം സംരക്ഷിക്കുന്നതും നമുക്ക് തുടരേണ്ടതുണ്ട്. സാധാരണ നിലയിലേക്ക് മടങ്ങാൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന കാര്യം മറക്കരുത്. കൊവിഡിനെതിരെ പോരാടുന്നതിൽ ഈ സന്തോഷം വലിയ ഊർജം നൽകും. എന്നെ ഒരു അർജൻറീനക്കാരനാക്കിയതിൽ ദൈവത്തിന് നന്ദി.’- മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Story Highlights: lionel messi dedicates copa america win for maradona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here