വിജയാഘോഷത്തിനിടെ ബ്രസീലിനെ പരിഹസിച്ച് ഡി പോൾ; വിലക്കി മെസി: വിഡിയോ

കോപ്പ അമേരിക്ക നേടിയതിനു ശേഷമുള്ള വിജയാഘോഷത്തിനിടെ ബ്രസീലിനെ പരിഹസിക്കാനുള്ള റോഡ്രിഗോ ഡി പോളിൻ്റെ ശ്രമം വിലക്കി അർജൻ്റൈൻ നായകൻ ലയണൽ മെസി. മെസിയുടെ ഈ പ്രവൃത്തി ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
മത്സര വിജയത്തിനു ശേഷം ഗ്രൗണ്ടിൽ ഒത്തുകൂടി പാട്ടുപാടി ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ബ്രസീലിനെ പരിഹസിച്ചുകൊണ്ട് ഡി പോൾ പാട്ട് പാടാൻ ശ്രമിക്കുകയും മെസി അത് വിലക്കുകയുമായിരുന്നു. ബാഴ്സലോണ താരവും ടീമിലെ മുതിർന്ന സ്ട്രൈക്കറുമായ സെർജിയോ അഗ്യൂറോയും ഡി പോളിനെ പാട്ട് പാടുനതിൽ നിന്ന് വിലക്കി.
ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്പിച്ചത്. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ ആണ് അർജൻ്റീനയുടെ വിജയഗോൾ നേടിയത്. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ഒരു ലോംഗ് ബോൾ ക്ലിയർ ചെയ്യാൻ ബ്രസീൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീൽ ഗോൾവല തുളയ്ക്കുകയായിരുന്നു. 28 വർഷത്തിനു ശേഷമാണ് കോപ്പയിൽ അർജൻ്റീനയുടെ കിരീടധാരണം. 1993ലായിരുന്നു അവർ അവസാനമായി കോപ്പ നേടിയത്. മത്സരത്തിൽ ആദ്യാവസാനം കളം നിറഞ്ഞുകളിച്ച റോഡ്രിഗോ ഡിപോൾ ആണ് അർജൻ്റീനയ്ക്ക് ജയമൊരുക്കിയത്.
Story Highlights: messi discourages de paul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here