Advertisement

രജനികാന്ത് രാഷ്ട്രീയം വിടാനുള്ള കുറേ കാരണങ്ങൾ

July 12, 2021
2 minutes Read
reasons behind rajanikanth leaving politics

അരവിന്ദ് വി / നിരീക്ഷണം

തമിഴ്‌നാട്ടിൽ അത്രയൊന്നും വേരുപിടിക്കാത്ത ബിജെപി രാഷ്ട്രീയം ‘കൊങ്കുനാട്’ എന്ന പുതിയ വിഭജന പദ്ധതിയുമായി വരുന്നു എന്ന സ്ഥിരീകരിക്കാത്ത മാധ്യമവാർത്തകൾ അവിടത്തെ ജനജീവിതത്തെ സാരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. മുൻമന്ത്രി ഉൾപ്പെടെ നിരവധി എൻ.ഡി.എ. ഘടകകക്ഷി നേതാക്കൾ ഡി.എം.കെ.യിലേക്കോ മറ്റ് പാർട്ടികളിലേക്കോ ഒഴുകുകയാണ്.

ഈ സാഹചര്യത്തിൽ താൻ രാഷ്ട്രീയത്തിലേക്കില്ല എന്ന രജനീകാന്തിന്റെ പ്രഖ്യാപനത്തെ ‘സുരക്ഷിതമായ പിൻമാറ്റം’ എന്ന് വേണം വിളിക്കേണ്ടത്. ‘കൊങ്കുനാട്’ സത്യത്തിൽ രജനീകാന്തിന് രക്ഷപ്പെടാനുള്ള ഒരു നല്ല വഴി മാത്രമാണ്.

നേരത്തെ തന്നെ രാഷ്ട്രീയ മോഹം മടക്കിവച്ച് കളം വിടാനുറച്ചിരുന്നയാളാണ് രജനീകാന്ത്. അതിന്റെ ലക്ഷണങ്ങൾ അദ്ദേഹം നേരത്തെ തന്നെ കാണിച്ചു തുടങ്ങിയിരുന്നു.

രാഷ്ട്രീയപാർട്ടി വേണ്ട എന്ന് വയ്ക്കാനുള്ള കാരണങ്ങൾ കേവലം ‘കൊങ്കുനാട്’ മാത്രമല്ല. കൊങ്കുനാടേ അല്ല എന്ന് വേണമെങ്കിൽ പറയാം. പിന്നെ എന്തൊക്കെയാണ് ?

കുറെ കാരണങ്ങൾ

  • ഏറ്റവും പ്രധാന കാരണം ആരാധകരെ രാഷ്ട്രീയത്തിലേക്ക് ഷിഫ്റ്റ് ചെയ്യാൻ അദ്ദേഹത്തിനോ ഒപ്പമുണ്ടായിരുന്നവർക്കോ കഴിഞ്ഞില്ല എന്നത് തന്നെയാണ്.
  • രസികർ മന്ട്രം രാഷ്ട്രീയപാർട്ടിയാക്കുന്നതിന്റെ സംഘാടക സമിതി നിയന്ത്രിച്ചത് ബിജെപി- ആർഎസ്എസ് ബന്ധമുള്ള നേതാക്കളായിരുന്നു. അത് ആരാധകരിൽ ആശയക്കുഴപ്പമുണ്ടാക്കി.
  • കരുണാനിധി, ജയലളിത പോലെ ഒരു വലിയ നേതാവിന്റെ വിടവ് തനിക്ക് നികത്താനാവും എന്ന തോന്നലുണ്ടാക്കി അനുകൂല സാഹചര്യം ഉണ്ടാക്കാം എന്നാണ് രജനീകാന്ത് കരുതിയത്. പക്ഷേ, സ്റ്റാലിൻ അപ്രതീക്ഷിതമായി ആ വലുപ്പത്തിലേക്കെത്തിയത് രജനീകാന്തിന്റെ സാധ്യത കുറച്ചു.
  • കമലഹാസൻ എന്ന ഇതിഹാസ നായകൻ തെരഞ്ഞെടുപ്പ് ഗോദയിൽ പരാജയപ്പെട്ടത് രജനിയെ വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചു. നിലവിൽ താത്കാലികമായ ഒരു തോൽവി പോലും രജനീകാന്ത് താങ്ങില്ല. അത്തരം ഒരു തോൽവിയെ അതിജീവിക്കാനുള്ള രാഷ്ട്രീയ പിൻബലമോ മനോബലമോ രജനീകാന്തിന് ഇപ്പോൾ സ്വന്തമാക്കാനും കഴിഞ്ഞിട്ടില്ല. കമലഹാസന്റെ പരാജയം സിനിമ-രാഷ്ട്രീയ കൂട്ടുകെട്ടിനെ ജനങ്ങൾ ഇനി അംഗീകരിക്കില്ല എന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
  • ബോളിവുഡ് കഴിഞ്ഞാൽ ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ രണ്ടാം തലസ്ഥാനമാണ് തമിഴ്‌സിനിമ. പടുകൂറ്റൻ ബ്രഹ്മാണ്ഡ സിനിമകൾ ആണ് രജനികാന്തിനെ വച്ച് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. അതി വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്ന പ്രേക്ഷകർക്ക് നായകന്റെ രാഷ്ട്രീയം പ്രശ്‌നമാകും. എഴുപതുകൾ വരെ രാഷ്ട്രീയ പാർട്ടികളാണ് അവർക്കാവശ്യമുള്ള തരത്തിൽ സിനിമാ വ്യവസായത്തെ നിയന്ത്രിച്ചിരുന്നത്. പക്ഷേ ഇപ്പോൾ സിനിമ ബിസിനസ് തന്നെയാണ്. രജനീകാന്ത് രാഷ്ട്രീയത്തിൽ വന്നാൽ അത് ബാധിക്കുക രജനീകാന്തിനെ മാത്രമല്ല. രണ്ട് മക്കൾ, മരുമകൻ ധനുഷ് എല്ലാവരോടും പ്രേക്ഷക സമീപനം മാറിയേക്കാം എന്ന മുതൽ മുടക്കുന്നവരുടെ തടസം പറച്ചിൽ രജനിയെ ഭയപ്പെടുത്തി. വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നതിന് തടസമുണ്ടായതും ഇതേ കാരണം കൊണ്ട് തന്നെയാണ്.
  • രാഷ്ട്രീയത്തിലെ ഭാരിച്ച ചെലവാണ് മറ്റൊരു സുപ്രധാന കാരണം. സ്വന്തം കല്യാണ മണ്ഡപം ഉള്ളത് കൊണ്ട് വാടക കുറയും എന്നതൊഴിച്ചാൽ ആളെകൂട്ടുന്നതും യോഗം നടത്തുന്നതും ചെലവേറിയ ഏർപ്പാടാണെന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൂപ്പർസ്റ്റാറിന് മനസിലായി. കമലഹാസന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സാമ്പത്തിക ഞെരുക്കത്തിൽ പലതവണ തടസ്സപ്പെട്ടിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാഷ്ട്രീയപാർട്ടി വരുന്നതിനു മുൻപ് ഇത്രയും ചെലവെങ്കിൽ വന്നാലുള്ള അവസ്ഥ അദ്ദേഹത്തിന് ഊഹിക്കാൻ കഴിഞ്ഞു.
  • രജനി ചേർന്ന് നില്ക്കാൻ ആലോചിച്ചതും ചർച്ചകൾ മുന്നോട്ട് നീക്കിയതും എൻ ഡി എ ഘടകക്ഷി ആകാൻ ഉറച്ചുള്ള നീക്കങ്ങൾ ആയിരുന്നു. രജനികാന്തിന്റെ നിലപാടുകൾ , വ്യക്തിബന്ധങ്ങൾ , രസികർ മൻട്രം നേതാക്കൾ എല്ലാം ബിജെപി അനുകൂല നിലയിൽ തന്നെയായിരുന്നു. പക്ഷെ തമിഴ്‌നാട് ഇനിയും ബിജെപി രാഷ്ട്രീയത്തിന് പാകപ്പെട്ടിട്ടില്ല എന്നുറപ്പിച്ച തെരഞ്ഞെടുപ്പ് ഫലങ്ങൾ രജനീകാന്തിന്റെ നീക്കങ്ങൾക്ക് പ്രതിസന്ധിയായി.
  • ഏറ്റവുമൊടുവിൽ പ്രധാന കാരണം അല്ലെങ്കിൽ കൂടി ഇപ്പോൾ പുറത്തുവരുന്ന ‘കൊങ്കുനാട്’ വാർത്തകൾ. അതിനൊരു നേട്ടം കൂടിയുണ്ട്. പൊതുവികാരത്തിനൊപ്പം രജനികാന്ത് നിന്നു എന്ന് വ്യാഖ്യാനിക്കപ്പെടുമെങ്കിൽ അത് ഒരു അധിക നേട്ടവുമാകും

ചുരുക്കത്തിൽ രക്ഷപ്പെടാൻ ഒരു വഴി നോക്കിയിരുന്ന രജനിക്ക് കൃത്യസമയത്ത് തുറന്നുകിട്ടിയ എളുപ്പ വഴിയാണ് കൊങ്കുനാട് വിഭജന വാർത്തകളും തുടർന്ന് തമിഴ്‌നാട്ടിൽ ഉണ്ടായിരിക്കുന്ന വൈകാരിക രാഷ്ട്രീയ അവസ്ഥയും.

രജനീകാന്ത് 1992 മുതൽ 1996 വരെ പ്രത്യക്ഷമായി രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നു. പക്ഷേ അത് ജയലളിതയെ തോൽപ്പിക്കാൻ മാത്രമായി ചുരുങ്ങി. അന്ന് അതിന് തുടർച്ചയുണ്ടാവുകയും ജനം ആ രീതിയിൽ രജനികാന്തിനെ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിലും സ്ഥിതി മാറിയേനെ. ജി കെ മൂപ്പനാരുടെ തമിഴ് മനില കോൺഗ്രസിലേക്ക് ചേരാൻ രജനിക്ക് മേൽ സ്നേഹ സമ്മർദ്ദം ഉണ്ടായിരുന്നു. പക്ഷെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയായ എ ഐ എ ഡി എം കെ യെ പിണക്കി നിർത്തരുതെന്ന സിനിമാ നിക്ഷേപകരുടെ മുന്നറിയിപ്പിലാണ് രജനി അന്ന് പിന്മാറിയത്.

Story Highlights: reasons behind rajanikanth leaving politics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top