Advertisement

ഡല്‍ഹിയില്‍ ദേവാലയം പൊളിച്ച സംഭവം; മതേതരത്വത്തിനെതിരേയുള്ള വെല്ലുവിളി; കെ സുധാകരൻ

July 13, 2021
Google News 0 minutes Read

ഡൽഹിയിൽ ദേവാലയം പൊളിച്ച അധികൃതരുടെ നടപടി മതേതരത്വത്തിനെതിരേയുള്ള കടുത്ത വെല്ലുവിളിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി. ഭരണ പരാജയത്തിന് നേരെ ചോദ്യങ്ങളുയരുമ്പോൾ അത് മറച്ചുപിടിക്കാൻ രാജ്യാമെമ്പാടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഇത്. ഫാ: സ്റ്റാൻ സാമിയോട് ഹിന്ദുത്വ ഭരണകൂടം കാണിച്ച നീതി നിഷേധത്തിന്റെ തുടർച്ചയാണ് ഈ കിരാത നടപടിയെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം;

ഡൽഹി അന്ധേരിയ മോഡിലെ ലിറ്റിൽ ഫ്ലവർ കത്തോലിക്ക ദേവാലയം പൊളിച്ച അധികൃതരുടെ നടപടി മതേതരത്വത്തിനെതിരേയുള്ള കടുത്ത വെല്ലുവിളി ആണ്.

ഭരണ പരാജയത്തിന് നേരെ ചോദ്യങ്ങളുയരുമ്പോൾ അത് മറച്ചുപിടിക്കാൻ രാജ്യാമെമ്പാടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഇതും.
മതിയായ നടപടിക്രമങ്ങൾ പോലും പാലിക്കാതെ, പ്രവൃത്തി സമയത്തിന് മുൻപ് ആരാധനാലയം തകർത്ത നടപടി ഭരണകൂടത്തെ ദുരുപയോഗം ചെയ്ത് കൊണ്ട് മതസ്വാതന്ത്യത്തെ ഹനിക്കുന്നതും സംശയാസ്പദവുമാണ്.

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആരാധന നടത്താനും അവകാശം ഉള്ള രാജ്യമാണ് ഇന്ത്യ.

തദ്ദേശ ഭരണകൂടങ്ങൾ ബലംപ്രയോഗിച്ച് ആരാധനാലയങ്ങൾ പൊളിച്ചു മാറ്റുന്നത് വിശ്വാസികളോടുള്ള വെല്ലുവിളി മാത്രമല്ല തികഞ്ഞ ഭരണഘടനാ ലംഘനം കൂടിയാണ്.

പതിറ്റാണ്ടുകളായി നിലകൊള്ളുന്ന ദേവാലയം നിയമവിരുദ്ധമായ ഭൂമിയിൽ ആണെന്ന വാദം സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. പ്രാദേശിക ഭരണകൂടത്തിന് എന്തെങ്കിലും അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിൽ തന്നെ അനേകം വിശ്വാസികളുടെ ആരാധനാലയമായ വിശുദ്ധ മന്ദിരം പൊളിച്ചു മാറ്റുന്നത് ജനാധിപത്യ വിരുദ്ധമാണ്.

ഫാ: സ്റ്റാൻ സാമിയോട് ഹിന്ദുത്വ ഭരണകൂടം കാണിച്ച നീതി നിഷേധത്തിന്റെ തുടർച്ചയാണ് ഈ കിരാത നടപടി.

ഡൽഹിയിൽ മഹാഭൂരിപക്ഷവും മലയാളികളെ ഉൾക്കൊള്ളുന്ന ഇടവകയിലെ കൃസ്തീയ ദേവാലയത്തിനെതിരായ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു. വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമപോരാട്ടങ്ങൾക്ക് പിന്തുണ നൽകുന്നു.

മതന്യൂനപക്ഷങ്ങക്കെതിരെ രാജ്യമെമ്പാടും ഉയർന്നുവരുന്ന അസഹിഷ്ണുതയും അക്രമങ്ങളും തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും അവർക്ക് ഭരണഘടന ഉറപ്പു നൽകിയിരിക്കുന്ന അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here