വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തെ ഏറ്റെടുക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കുടുബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
കുട്ടിയുടെ കുടുംബത്തെ ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ലയങ്ങളുടെ ശോചനീയാവസ്ഥയും ഇവിടങ്ങളിലെ കുട്ടികളുടെയും സ്ത്രീകളുടെയും അരക്ഷിതാവസ്ഥയും പരിഹരിക്കുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
അതേസമയം കേസിലെ പ്രതി അർജുന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു. അഞ്ചു ദിവസത്തിനിടയിൽ പരമാവധി തെളിവുകൾ ശേഖരിക്കാനായെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കസ്റ്റഡി കാലാവധിയിൽ രണ്ടുതവണ പ്രതിയെ കൊലപാതകം നടന്ന ലയത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 25ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിൽ പ്രതിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ മാസം 30 നാണ് വണ്ടിപ്പെരിയാറിൽ ആറുവയസുകാരി കൊല്ലപ്പെട്ടത്. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധരഹിതയായ പെൺകുട്ടി മരിച്ചു എന്നുകരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു.
Story Highlights: vandiperiyar rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here