പ്രധാന ടീം അംഗങ്ങൾ തിരികെ എത്തി; പാകിസ്താനെതിരായ ഇംഗ്ലണ്ട് ടി-20 ടീം പ്രഖ്യാപിച്ചു

പാകിസ്താനെതിരായ ഇംഗ്ലണ്ട് ടി-20 ടീം പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാമ്പിൽ കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഐസൊലേഷനിലായിരുന്ന മുൻനിര താരങ്ങളൊക്കെ തിരികെയെത്തി. ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ലൂയിസ് ഗ്രിഗറി, ജേക്ക് ബാൾ, സാഖിബ് മഹ്മൂദ്, മാറ്റ് പാർക്കിൻസൺ എന്നീ താരങ്ങൾക്ക് ടീമിലേക്ക് വിളിയെത്തി. അതേസമയം, ഏകദിന ടീമിനെ നയിച്ച ഓൽറൗണ്ടർ ബെൻ സ്റ്റോക്സിന് വിശ്രമം അനുവദിച്ചു.
അതേസമയം, ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ക്രിസ് വോക്സ്, സാം കറൻ എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചില്ല.
പാകിസ്താനെതിരായ ഏകദിന പരമ്പരയിൽ രണ്ടാം നിരയുമായി ഇറങ്ങിയ ഇംഗ്ലണ്ട് പരമ്പര തൂത്തുവാരിയിരുന്നു. അവസാന മത്സരത്തിൽ 3 വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. പാകിസ്താൻ മുന്നോട്ടുവച്ച 332 റൺസ് വിജയലക്ഷ്യം 48 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ജെയിംസ് വിൻസ് (102) ലൂയിസ് ഗ്രിഗറി (77) എന്നിവരാണ് ഇംഗ്ലണ്ടിനെ മികച്ച വിജയത്തിലെത്തിച്ചത്.
ഈ മാസം 16ന് ട്രെന്റ് ബ്രിഡ്ജിലാണ് ടി-20 പരമ്പര ആരംഭിക്കുന്നത്. ജൂലൈ 18, 20 തീയതികളിലാണ് അടുത്ത മത്സരങ്ങൾ. ഹെഡിംഗ്‍ലി, ഓൾഡ് ട്രാഫോർഡ് എന്നിവിടങ്ങളിൽ ഈ മത്സരങ്ങൾ നടക്കും.
Story Highlights: england t20 team vs pakistan announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here