ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ 43 റൺസിന് അട്ടിമറിച്ച് അയർലൻഡ്

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 43 റൺസിന് അട്ടിമറിച്ച് അയർലൻഡ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ജയത്തോടെ അയർലൻഡ് 1-0ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം ഏകദിനത്തിലെ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് ക്യാപ്റ്റൻ ആൻഡി ബാൽബറിന്റെ സെഞ്ചുറി കരുത്തിൽ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 290 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്ക 48.3 ഓവറിൽ 247 റൺസിന് ഓൾ ഔട്ടായി. പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച നടക്കും. സ്കോർ അയർലൻഡ് 50 ഓവറിൽ 290-5, ദക്ഷിണാഫ്രിക്ക 48.3 ഓവറിൽ 247ന് ഓൾ ഔട്ട്.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡിനായി ക്യാപ്റ്റൻ ആൻഡി ബാൽബിറിൻ സെഞ്ചുറി(117 പന്തിൽ 102) സെഞ്ചുറി നേടിയപ്പോൾ ഹാരി ടെക്ടർ(79), ഡോക്റെൽ(23 പന്തിൽ 45), ആൻഡി മക്ബ്രൈൻ(30), പോൾ സ്റ്റെർലിംഗ്(27) എന്നിവർ ബാറ്റിംഗിൽ തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി ഫെലുക്കുവായോ രണ്ട് വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ രണ്ടാം മത്സരത്തിലെ ജയത്തോടെ പരമ്പര കൈവിടില്ലെന്ന് അയർലൻഡ് ഉറപ്പിച്ചു.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓപ്പണർ ജാനെമാൻ മലനും(84), റാസി വാൻഡർ ദസ്സനും(49) മാത്രമെ ബാറ്റിംഗിൽ തിളങ്ങിയുള്ളു. എയ്ഡൻ മാർക്രം(5), ക്യാപ്റ്റൻ ടെംബാ ബാവുമ(10), വിക്കറ്റ് കീപ്പർ കെയ്ൽ വെറൈനെ(13), ഡേവിഡ് മില്ലർ(24), ഫെലുക്കുവായോ(2) എന്നിവരെല്ലാം നിരാശപ്പെടുത്തി. അയർലൻഡിനായി മാർക്ക് അഡയറും, ജോഷ്വാ ലിറ്റിലും ആൻഡി മക്ബ്രെയ്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here