കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവം; ചികിത്സാ പിഴവെന്ന് കുടുംബം

കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവം നടന്ന സംഭവത്തിൽ ചികിത്സാ പിഴവെന്ന് പരാതി. കുഞ്ഞ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഡിഎംഓയ്ക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് വഹിക്കാൻ നിർവാഹമില്ലെന്നും കുടുംബം പറയുന്നു. സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡിഎംഓയ്ക്ക് വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പ്രസവവേദനയുമായി യുവതിയും കുടുംബവും ആശുപത്രിയിൽ എത്തിയത്. അവിടെ വച്ച് വേണ്ട രീതിയിലുള്ള പരിചരണം ലഭിച്ചില്ല എന്ന് കുടുംബം പറയുന്നു. പ്രസവവേദനയുണ്ടെന്ന വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും വേദന മാറുന്നതിനുള്ള ഇഞ്ചക്ഷനാണ് നൽകിയത്. മറ്റ് നടപടി ക്രമങ്ങളൊന്നും ആശുപത്രി അധികൃതർ സ്വീകരിച്ചില്ല. ശുചിമുറിയിൽ കയറിയ യുവതി കുഞ്ഞിൻ്റെ തല പുറത്തേക്ക് കണ്ടപ്പോൾ ഒച്ച വെക്കുകയും അമ്മ അടക്കമുള്ളവർ ശുചിമുറിയിൽ എത്തുകയും ചെയ്തു. ഇവരാണ് കുട്ടിയെ പുറത്തേക്ക് എടുത്തത്. തുടർന്ന് ആശുപത്രി വരാന്തയിലേക്ക് എത്തിയപ്പോഴാണ് നഴ്സുമാർ എത്തി പൊക്കിൾക്കൊടി മുറിച്ചതെന്നും കുടുംബം പറയുന്നു. തുടർന്ന് കുട്ടിക്ക് അണുബാധയുണ്ടെന്ന് അശുപത്രി അധികൃതർ തന്നെ അറിയിച്ചതിനെ തുടർന്ന് കുട്ടിയെ മലങ്കര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്ന് കുട്ടിയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: complaint against kunnamkulam taluk hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here