ബിസിസിഐ അഭ്യർത്ഥിച്ചു; വിൻഡീസ് ക്രിക്കറ്റ് ബോർഡ് അനുസരിച്ചു: സിപിഎൽ തീയതി മാറ്റി

കരീബിയൻ പ്രീമിയർ ലീഗ് തീയതി മാറ്റി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്. ബിസിസിഐയുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം. ഓഗസ്റ്റ് 26 മുതൽ സെപ്തംബർ 15 വരെയാണ് കരീബിയൻ പ്രീമിയർ ലീഗിൻ്റെ പുതുക്കിയ ഷെഡ്യൂൾ. നേരത്തെ ഓഗസ്റ്റ് 28നായിരുന്നു സിപിഎൽ ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. ഇങ്ങനെ സിപിഎൽ നടത്തിയാൽ യുഎഇയിൽ നടക്കുന്ന ഐപിഎൽ രണ്ടാം പാദത്തിൽ വിൻഡീസ് താരങ്ങൾക്ക് വൈകിയേ പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. അത് മറികടക്കാനാണ് പുതിയ ഷെഡ്യൂൾ.
ഐപിഎലും സിപിഎലും സുപ്രധാനമാണെന്ന് വിൻഡീസ് ക്രിക്കറ്റ് പറഞ്ഞു. ഒരു ടൂർണമെൻ്റിൽ നിന്ന് മറ്റൊരു ടൂർണമെൻ്റിലേക്ക് സുഗമമായി കടന്നുചെല്ലാൻ കഴിയണം. അതുകൊണ്ടാണ് തീയതി മാറ്റിവച്ചതെന്നും വിൻഡീസ് ക്രിക്കറ്റ് ബോർഡ് പറഞ്ഞു.
സെൻ്റ് കിറ്റ്സ് ആൻഡ് നെവിസിലാവും ഇത്തവണത്തെ സിപിഎൽ നടക്കുക. സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെ അനുവദിക്കും. വാക്സിനെടുത്തവർക്ക് മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കൂ.
സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാവും ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ നടക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.
Story Highlights: CPL Preponed After Discussions With BCCI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here