ദീപക് ഹൂഡ ബറോഡ വിട്ടു; ഇനി രാജസ്ഥാനു വേണ്ടി കളിക്കും

ഓൾറൗണ്ടർ ദീപക് ഹൂഡ ബറോഡ വിട്ടു. അടുത്ത സീസണിൽ രാജസ്ഥാനു വേണ്ടിയാവും താരം കളിക്കുക. കഴിഞ്ഞ സീസണിൽ, സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നതിനു തലേ ദിവസം ക്യാപ്റ്റൻ കൃണാൽ പാണ്ഡ്യയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഹൂഡ ബറോഡ ക്യാംപ് വിട്ടിരുന്നു. തുടർന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ ഹൂഡയെ സീസൺ മുഴുവൻ വിലക്കി. ഇതേ തുടർന്നാണ് ഹൂഡ ടീം വിടാൻ തീരുമാനമെടുത്തത്.
അതേസമയം, ഹൂഡ ടീം വിട്ടതിൽ ബറോഡ ക്രിക്കറ്റ് അസോസിയേഷനെ വിമർശിച്ച് മുൻ ക്യാപ്റ്റനും ഇന്ത്യൻ താരവുമായ ഇർഫാൻ പത്താൻ രംഗത്തെത്തി. ഹൂഡ യുവാവ് ആയിരുന്നു എന്നും 10 വർഷങ്ങൾ കൂടിയെങ്കിലും താരത്തിന് കളിക്കാൻ കഴിയുമായിരുന്നു എന്നും ഇർഫാൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഇന്ത്യൻ ടീമിലേക്ക് സാധ്യത കല്പിക്കപ്പെടുന്ന താരത്തെ ഏത് അസോസിയേഷനാണ് വിട്ടുകളയുക? ബറോഡ താരമെന്ന നിലയിൽ ഇത് തന്നെ നിരാസപ്പെടുത്തുന്നു എന്നും അദ്ദേഹം കുറിച്ചു.
ടീം ക്യാപ്റ്റൻ കൃണാൽ പാണ്ഡ്യ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് ആരോപിച്ചാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബറോഡ റ്റീം ക്യാമ്പിൽ നിന്ന് ഹൂഡ പിന്മാറിയത്. ടീം അംഗങ്ങൾക്കു മുന്നിൽ വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ചീത്ത വിളിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട്, വൈസ് ക്യാപ്റ്റൻ ആയിരുന്ന ഹൂഡ ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്ന് ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞിരുന്നു. ഹൂഡ പറഞ്ഞതു പോലെ പ്രശ്നം ഉണ്ടായിട്ടില്ലെന്നും ഫീൽഡ് പരിശീലനം ചെയ്യണമെന്ന പാണ്ഡ്യയുടെ നിർദ്ദേശം അവഗണിച്ച് ഹൂഡ ബാറ്റിംഗ് പരിശീലനം നടത്താൻ ശ്രമിക്കുകയായിരുന്നു എന്നും ക്രിക്കറ്റ് അസോസിയേഷൻ വിശദീകരിച്ചു.
Story Highlights: Deepak Hooda will play for Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here