27
Jul 2021
Tuesday

‘സിനിമക്കാരെല്ലാം സമ്പന്നരാണെന്ന തോന്നലിലാണോ സർക്കാർ’; വിധു വിൻസെൻറ്

മലയാള സിനിമയ്ക്ക് ഇനിയും ഷൂട്ടിംഗ് അനുമതി നൽകാത്തതിനെ തുടർന്ന് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ഉൾപ്പെടെ കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യമാണ്. സീരിയൽ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും, സിനിമ ചിത്രീകരണത്തിന് അനുവാദം നൽകിയിരുന്നില്ല. ഇത് സംബന്ധിച്ച് സർക്കാർ ഉടൻ തന്നെ തീരുമാനം എടുക്കണമെന്ന് ഫെഫ്‌ക കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഒട്ടനവധി സിനിമാ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ആയിര കണക്കിനാളുകൾ ഉപജീവനം നടത്തുന്ന ഒരു മേഖലയാണിതെന്നും വിനോദ നികുതിയടക്കം വലിയ വരുമാനം സർക്കാരിലേക്കുമെത്തുന്ന മേഖലയാണിതെന്നും ഓർക്കാൻ ബന്ധപ്പെട്ടവർ മറക്കുന്നത് എന്ത് കൊണ്ടാണെന്ന് സംവിധായിക വിധു വിൻസെൻറ് ചോദിക്കുന്നു.

‘ഒന്നാം നിരയില്‍ പെട്ട വിരലില്‍ എണ്ണാവുന്ന ഏതാനും പേരൊഴിച്ചാല്‍ ബഹുഭൂരിപക്ഷവും തുച്ഛമായ കൂലിക്ക് പണിയെടുക്കുന്ന നടീ നടന്മാരാണ് അഭിനയ മേഖലയിലുള്ളത്. കുടുംബത്തിലെ സകല പേരും മിക്കവാറും ഈ ഒരൊറ്റയാളുടെ വരുമാനത്തെ ആശ്രയിച്ചാവും ജീവിക്കുന്നത്. ഇവരാണോ സമ്പന്നര്‍?’, എന്നാണ് വിധു ഉന്നയിക്കുന്ന ചോദ്യം.

വിധുവിൻറെ ഫേസ്ബുക്ക് കുറിപ്പ്

നിർമ്മാണ മേഖല പോലെ തന്നെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് സിനിമ എന്ന ഉല്പാദന മേഖലയേയും എന്ന കാര്യത്തിൽ സർക്കാറിന് തന്നെ ആശയ കുഴപ്പമുണ്ടെന്ന് തോന്നുന്നു. വിനോദത്തിനും വ്യവസായത്തിനും ഇടയിൽ കൂട്ടുപിണഞ്ഞു കിടക്കുന്ന ഇഴകൾ വ്യക്തതയോടെ കാണാൻ കാഴ്ചയുള്ളവരുടെ അഭാവമുണ്ടോ സർക്കാറിന്? സാംസ്കാരിക മേഖലയുടെ പ്രധാനപ്പെട്ട ഉല്പന്നമാണ് സിനിമ എന്നതും ആയിര കണക്കിന് പേർ ഉപജീവനം നടത്തുന്ന തൊഴിലിടമാണതെന്നും വിനോദനികുതിയടക്കമുള്ള വലിയ വരുമാനം സർക്കാരിലേക്ക് എത്തുന്ന മേഖലയാണിതെന്നും ഓർക്കാൻ ബന്ധപ്പെട്ടവർ സൗകര്യപൂർവ്വം മറക്കുന്നതെന്ത്? സിനിമാ മേഖല ഇത്തിരി വൈകി തുറന്നാലും കുഴപ്പമില്ല,സിനിമാക്കാരെല്ലാം സമ്പരന്നല്ലേ എന്ന തോന്നിലാണെന്ന് തോന്നുന്നു സർക്കാരും പൊതുജനങ്ങളും .. ചില സ്വകാര്യ സംഭാഷണങ്ങളിൽ രാഷ്ട്രീയ പ്രവർത്തകരായ ചിലർക്ക് പോലും ഇങ്ങനെയൊരഭിപ്രായം ഉള്ളതായി കണ്ടു. സിനിമാ തൊഴിലാളികൾക്ക് സഹായം അഭ്യർത്ഥിച്ച് ചില കമ്പനികളുടെ CSR സഹായം ചോദിച്ചപ്പോഴും ഇതേ പ്രതികരണങ്ങൾ കേട്ടു… സിനിമാക്കാരൊക്കെ കാശുകാരല്ലേ എന്ന് !!

സിനിമയിലെ കാണുന്നതും കാണാത്തതുമായ ജോലികൾ ചെയ്യുന്ന ആയിരകണക്കിന് തൊഴിലാളികൾ – ലൈറ്റ് ബോയ്സ്, പ്രൊഡക്ഷൻ അസിസ്റ്റന്റുകൾ, ആർട്ടിലും മേക്കപ്പിലുമൊക്കെ സഹായ പണി ചെയ്യുന്നർ , കേറ്ററിംഗ് ജോലി എടുക്കുന്നവർ, ഡ്രൈവർമാർ, വിതരണ മേഖലയിലെ പണിക്കാർ… ദിവസവേതനക്കാരായ ഇവരാണോ സിനിമയിലെ സമ്പന്നർ ?

ഒന്നാം നിരയിൽ പെട്ട വിരലിൽ എണ്ണാവുന്ന ഏതാനും പേരൊഴിച്ചാൽ ബഹുഭൂരിപക്ഷവും തുച്ഛമായ കൂലിക്ക് പണിയെടുക്കുന്ന നടീ നടന്മാരാണ് അഭിനയ മേഖലയിലുള്ളത്. കുടുംബത്തിലെ സകല പേരും മിക്കവാറും ഈ ഒരൊറ്റയാളുടെ വരുമാനത്തെ ആശ്രയിച്ചാവും ജീവിക്കുന്നത്. ഇവരാണോ സമ്പന്നർ ?
ദിവസം 600 രൂപയും 3 നേരം ഭക്ഷണവും മാത്രം പ്രതീക്ഷിച്ച് സിനിമയിൽ ജോലി ചെയ്യുന്ന ജൂനിയർ ആർട്ടിസ്റ്റുമാരായുള്ള ആയിര കണക്കിന് പേർ…വർഷങ്ങളായി അസോസിയേറ്റും അസിസ്റ്റന്റുമൊക്കെയായി സംവിധായകരുടെ പിറകേ നടന്ന് എല്ലുമുറിയെ പണിയെടുക്കുന്ന നൂറുകണക്കിന് ചെറുപ്പക്കാർ … ഒരു വിധ ബാറ്റയുടെയും ആനുകൂല്യമില്ലാതെ നിർമ്മാതാവിന്റെ ഔദാര്യത്തിൽ മാത്രം കൂലി കിട്ടുന്ന ഇത്തരക്കാരോ സിനിമയിലെ സമ്പന്നർ ?
എന്തിനധികം പറയുന്നു !
മര്യാദക്ക് ശമ്പളം കിട്ടിയിരുന്ന പണികളുപേക്ഷിച്ച് സിനിമയാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ്, സിനിമയിൽ നില്ക്കാൻ തീരുമാനിച്ച എന്നെ പോലുള്ള കുറേയധികം വിവരദോഷികൾ – ഞങ്ങളാണോ ഈ സമ്പന്നർ ?

തൊഴിൽ ചെയ്യാനുള്ള സാഹചര്യമില്ലാത്തതുകൊണ്ട് ചിലർ കേരളത്തിന് പുറത്തേക്ക് ഷൂട്ടിംഗ് മാറ്റിയതിനെ കുറിച്ച് അടുത്തിടെ കേട്ടു. മാനദണ്ഡങ്ങൾ വച്ചു കൊണ്ട് ഇനിയെങ്കിലും ഈ മേഖല തുറക്കാനായില്ലെങ്കിൽ കൂടുതൽ പേർ പുറം വഴികൾ നോക്കാൻ നിർബന്ധിതരാവും. ഇവിടെയുള്ള സിനിമാ തൊഴിലാളികൾ പണിയില്ലാതെ നട്ടം തിരിയുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കേണ്ട നാഹചര്യമുണ്ടാവും. ആ ഒരു സാഹചര്യത്തിലേക്ക് ഞങ്ങളെ തള്ളിയിടരുത് എന്നു മാത്രമേ സർക്കാരിനോടും ബന്ധപ്പെട്ടവരോടും അപേക്ഷിക്കാനുള്ളൂ.
മിനിമം 50 പേരെ പങ്കെടുപ്പിച്ചു കൊണ്ടെങ്കിലും ചിത്രീകരണം തുടങ്ങാൻ പറ്റുന്ന തരത്തിൽ സിനിമാ മേഖല തുറക്കുന്ന കാര്യം സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ചേ മതിയാവൂ..

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top