Advertisement

സിക പ്രതിരോധം; ആരോഗ്യ,തദ്ദേശ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും

July 15, 2021
Google News 1 minute Read

സംസ്ഥാനത്ത് സിക വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സിക പ്രതിരോധത്തിന് ആരോഗ്യ-തദ്ദേശ സ്വയംഭരണ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി.

സിക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരു വകുപ്പുകളുടേയും യോഗം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്താണ് രോഗം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും എല്ലാ ജില്ലകളും ജാഗ്രത പാലിക്കേണ്ടതാണ്. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ഫോഗിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. ഇതിനുള്ള മരുന്നുകള്‍ ആശുപത്രികള്‍ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ്.

സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക വൈറസ് ബാധിച്ചത്. നിലവില്‍ 8 കേസുകളാണുള്ളത്. അതില്‍ 3 പേര്‍ ഗര്‍ഭിണികളാണ്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. വൈറസ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതാണ്. മൈക്രോ പ്ലാന്‍ തയ്യാറാക്കിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്.

സിക വൈറസും ഡെങ്കിപ്പനിയും ഈഡിസ് കൊതുകുകളാണ് പരത്തുന്നതിനാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. സിക വൈറസിന് പുറമേ ഡെങ്കിപ്പനിയുടെ ഭീഷണിയും നിലനില്‍ക്കുന്നു. അതിനാല്‍ ഇപ്പോഴേ ഫലപ്രദമായി പ്രതിരോധിക്കേണ്ടതാണ്. രോഗവ്യാപന സാധ്യതയുള്ള ഹോട്ട് സ്‌പോട്ടുകളുടെ വിവരം ഡിഎംഒമാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതാണ്. അതനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാ പിന്തുണയും ആരോഗ്യ വകുപ്പ് നല്‍കുന്നതാണെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരികയാണെന്ന് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പുതിയ സാഹചര്യം നേരിടാന്‍ തദ്ദേശ സ്ഥാനങ്ങളെ സജ്ജമാക്കുന്നതാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കുന്നതാണ്. സിക വൈറസ് ബാധിത പ്രദേശങ്ങളില്‍ കൊതുക് നശീകരണത്തിനും ഫോഗിംഗിനും പ്രാധാന്യം നല്‍കി വരുന്നു. ഇതോടൊപ്പം ഓരോ വീട്ടിലും ബോധവത്ക്കരണം നടത്തി വരുന്നു. വാര്‍ഡ് തലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്തും. രണ്ട് വകുപ്പുകളും ചേര്‍ന്ന് യോജിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വൈറസിനെ നേരിടാന്‍ സാധിക്കൂ. ആരോഗ്യ വകുപ്പിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എല്ലാ പിന്തുണയും നല്‍കുന്നതായും മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വിദ്യാര്‍ത്ഥികളിലൂടെയും അവബോധം ശക്തമാക്കാനും യോഗം നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ പഠത്തിന്റെ ഭാഗമായി തന്നെ ബോധവത്ക്കരണം വീടുകളിലെത്തിച്ചാല്‍ വലിയ ഗുണം ലഭിക്കും. കുടുംബശ്രീ വഴിയും ബോധവത്ക്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here