മരണനിരക്ക് പൂഴ്‌ത്തിവയ്‌ക്കുന്നു; കൊവിഡ് ഡെത്ത് കൗണ്ട് ക്യാമ്പയിനുമായി ബെന്നി ബഹനാന്‍

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് ബെന്നി ബഹനാന്‍ എം പി. 20,913 കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ പൂഴ്ത്തി വച്ചതായും അദ്ദേഹം ആരോപിച്ചു.
കൊവിഡാനന്തര മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ജൂലായ് മൂന്ന് മുതലാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ഇതിലും കള്ളക്കളിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് മരണങ്ങളുടെ സംഗ്രഹം എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും പഴയ മരണങ്ങള്‍ തിരുകികയറ്റിയാണ് പട്ടിക പുറത്തുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവച്ച കൊവിഡ് മരണങ്ങള്‍ കണ്ടുപിടിക്കാന്‍ കൊവിഡ് ഡെത്ത് കൗണ്ട് ക്യാമ്ബയിന്‍ എന്ന പേരില്‍ ജനകീയ പ്രചാരണം ആരംഭിക്കുകയാണ്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതിനായി പ്രചാരണം തുടങ്ങുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫേസ്ബുക്ക് പേജില്‍ പ്രചാരണവുമായി ബന്ധപ്പെട്ട പോസ്റ്റിനും വീഡിയോയ്ക്കും താഴെ കൊവിഡ് മരണമെന്ന് ഉറപ്പുള്ളതും സര്‍ക്കാര്‍ കണക്കില്‍പ്പെടാത്തതുമായ മരണങ്ങള്‍ കമന്‍റായി ജനങ്ങള്‍ക്ക് അറിയിക്കാം. കൊവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ കള്ളക്കളി മൂലം ഇരുപതിനായിരത്തിലേറെ പേര്‍ക്ക് ആനുകൂല്യം നഷ്‌ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here