കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പ്രതിസന്ധി; മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ വിയോജിപ്പ് രൂക്ഷം
പാര്‍ട്ടി പദവികളെ ചൊല്ലി തമ്മിലടി രൂക്ഷമായതോടെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പ്രതിസന്ധി മുറുകുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ വിയോജിപ്പുകള്‍ പരിഹരിക്കാന്‍ പി ജെ ജോസഫ് നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടില്ല. പിളര്‍പ്പൊഴിവാക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനമെങ്കിലും നേതാക്കളെ തൃപ്തിപ്പെടുത്തുക എളുപ്പമല്ല.
അധികാര തര്‍ക്കത്തില്‍ ജോസ് കെ മാണിയുമായി നടത്തിയ നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും വിവിധ വിഭാഗങ്ങളില്‍ നിന്ന് നേതാക്കളെ എത്തിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതായിരുന്നു പി ജെ ജോസഫിന്റെ തന്ത്രം. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ എണ്ണത്തിനൊപ്പം ചേരിതിരിവും ശക്തമായി. പാര്‍ട്ടി മേല്‍വിലാസത്തിനായി പി സി തോമസുമായി ലയിച്ചതോടെയാണ് നേതൃതലത്തില്‍ പുനഃസംഘടന വന്നത്.
മോന്‍സ് ജോസഫ്, ജോയ് എബ്രഹാം എന്നിവര്‍ക്ക് ഉന്നത പദവികള്‍ നല്‍കിയതിലാണ് ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നീരസം. പരാതികള്‍ ആവര്‍ത്തിച്ചിട്ടും തിരുത്തല്‍ ഉണ്ടാകാതെ വന്നതോടെ മോന്‍സ് ജോസഫ് വിരുദ്ധ പക്ഷം പാര്‍ട്ടി പരിപാടി ബഹിഷ്‌കരിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി വിഷയം ഒത്തുതീര്‍പ്പാക്കാനാണ് നീക്കം.
പി ജെ ജോസഫ് കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ആര്‍ക്കാണ് അധികാരം എന്നതിലാണ് നേതാക്കള്‍ക്കിടയിലെ തര്‍ക്കം. ഉന്നത പദവികള്‍ ഗ്രൂപ്പ് വലയത്തിലാക്കി എന്ന ആരോപണം ഉയരുന്നതിനിടെ വിയോജിപ്പുകള്‍ ഇല്ലാതെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുക വെല്ലുവിളി ആകും. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലഭ്യമായേക്കാവുന്ന താക്കോല്‍ പദവികള്‍ വാഗ്ദാനം ചെയ്താണ് പല നേതാക്കളെയും പി ജെ ജോസഫ് ആകര്‍ഷിച്ചത്. പ്രതിപക്ഷത്ത് തുടരേണ്ടി വന്നതോടെ സംഘടനാ പദവി നല്‍കി മുഴുവന്‍ നേതാക്കളെയും തൃപ്തിപ്പെടുത്താന്‍ ആകില്ല എന്നതാണ് ജോസഫ് ഗ്രൂപ്പിലെ പ്രതിസന്ധി.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here