Advertisement

പ്രതീക്ഷയോടെ ഇന്ത്യൻ ഹോക്കി ടീം ഇന്ന് ജപ്പാനിലേക്ക്

July 17, 2021
Google News 0 minutes Read

ശനിയാഴ്ച വൈകിട്ട് ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക്. രാത്രി ഡൽഹിയിൽ നിന്ന് ജപ്പാനിലേക്ക്. ഞായറാഴ്‌ച രാവിലെ ടോക്യോ നഗരത്തിൽ പറന്നിറങ്ങും.ഒളിമ്പിക്സ് യാത്രയ്ക്കായി ഇന്ത്യൻ ഹോക്കി ടീം ഇന്ന് ജപ്പാനിലേക്ക് പറന്നുയരും.

എട്ട് സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം. അഭിമാനത്തിന്റെ ഫീൽഡിലായിരുന്നു ഇന്ത്യ എന്നും പന്ത് ഉരുട്ടിയിരുന്നത്. എന്നാൽ 1980 ലെ മോസ്കൊ ഒളിംപിക്സിലെ സ്വർണ മെഡൽ നേട്ടത്തിന് ശേഷം ഇത് വരെ ഒരു മെഡൽ പോലും നേടാൻ കഴിയാത്തതിൽ നിരാശയുണ്ട്. ലോക റാങ്കിങ്ങിൽ ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണ്. അതിനാൽ പ്രതീക്ഷകളും ഏറെയാണ്.

മലയാളിതാരം പി.ആര്‍. ശ്രീജേഷ് കാവല്‍ക്കാരനാകുന്ന പ്രതിരോധനിരയാണ് ടീം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. ഗോള്‍ പോസ്റ്റിനു മുന്നില്‍ ശ്രീജേഷ് നില്‍ക്കുമ്പോൾ പ്രതിരോധത്തില്‍ ബിരേന്ദ്ര ലക്ര, രൂപീന്ദര്‍പാല്‍ സിങ്, സുരേന്ദര്‍ കുമാര്‍, അമിത് രോഹിഡാസ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് അണിനിരക്കുന്നത്. മധ്യനിരയ്ക്ക് ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് നേതൃത്വം നല്‍കും. മുന്നേറ്റത്തില്‍ മന്‍ദീപ് സിങ്ങും ലളിത് കുമാറുമാണ് പ്രധാനികള്‍.

കൊവിഡ്‌ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ 16 അംഗ ടീമിനൊപ്പം മൂന്ന് സ്റ്റാൻഡ് ബൈ കളിക്കാരെക്കൂടി ടീമിനൊപ്പം കൊണ്ട് പോകാൻ അനുമതിയുണ്ട്. ഇവരിൽ രണ്ട് പേർക്ക് ടീമിനൊപ്പം എപ്പോൾ വേണമെങ്കിലും ചേരാൻ അവസരമുണ്ട്. ഫലത്തിൽ ഓരോ കളിയിലും 18 അംഗ ടീമിന്റെ സേവനം ലഭ്യമാകും. ഗ്രഹാം റെയ്ഡാണ് ഇന്ത്യന്‍ ടീം പരിശീലകന്‍. പൂള്‍ എയില്‍ ഓസ്ട്രേലിയ, അര്‍ജന്റീന, സ്‌പെയിന്‍, ന്യൂസീലന്‍ഡ്, ജപ്പാന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ.

പുരുഷ ടീമിന്റെ സമീപകാല പ്രകടനത്തോട് താരതമ്യം ചെയ്യുമ്പോള്‍ അത്ര ഫോമിലല്ലെങ്കിലും പ്രതീക്ഷയോടെതന്നെയാണ് ഇന്ത്യയുടെ പെണ്‍പടയും ടോക്യോയിലേക്ക് തിരിക്കുന്നത്. റാണി രാംപാല്‍ ക്യാപ്റ്റനായ മധ്യനിരയാണ് ഇന്ത്യന്‍ പെണ്‍ സംഘത്തിന്റെ ഊര്‍ജകേന്ദ്രം. മുന്നേറ്റത്തില്‍ നവനീത് കൗറും വന്ദന കഠാരിയയും മികച്ച ഫോമിലാണ്. മുന്‍ ഡച്ച് താരം സ്യോര്‍ദ് മറൈനാണ് പരിശീലകന്‍. പൂള്‍ എ യില്‍ ഹോളണ്ട്, ബ്രിട്ടന്‍, ജര്‍മനി, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഇന്ത്യക്കൊപ്പം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here