എട്ടാമനായി ഇറങ്ങി സെഞ്ചുറി, ലോക റെക്കോര്‍ഡുമായി അയര്‍ലന്‍ഡ് ടീമിലെ ഇന്ത്യന്‍ വംശജൻ സിമി സിങ്

പരിമിത ക്രിക്കറ്റില്‍ ബാറ്റിങ്ങില്‍ അവസാന സ്ഥാനങ്ങളില്‍ ഇറങ്ങി സെഞ്ചുറി നേടുക എന്നത് എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യമല്ല. എന്നാല്‍ എട്ടാമനായി ഇറങ്ങിയാലും സെഞ്ചുറി നേടാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അയര്‍ലന്‍ഡ് ടീമിലെ കളിക്കാരനായ സിമി സിങ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് സിമി ഈ നേട്ടം കൈവരിച്ചത്.
സെഞ്ചുറി നേട്ടം സിമിക്ക് ഒരു ലോക റെക്കോര്‍ഡ് കൂടിയാണ് നല്‍കിയിരിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ എട്ടാമനായോ, അതിനു താഴെയോ ബാറ്റ് ചെയ്യാനെത്തിയ ശേഷം സെഞ്ചുറി നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനായി മാറിയിരിക്കുകയാണ് സിമി സിങ്.
സിമിക്കും അയര്‍ലന്‍ഡ് ടീമിനുമൊപ്പം ഇന്ത്യയിലെ പഞ്ചാബില്‍ വേരുകളുള്ള താരത്തിന്റെ ഈ നേട്ടത്തില്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം. താരത്തിന്റെ സെഞ്ചുറി നേട്ടത്തിനും പക്ഷെ അയര്‍ലന്‍ഡ് ടീമിനെ വിജയിപ്പിക്കാനായില്ല. മത്സരത്തില്‍ അയര്‍ലന്‍ഡിന് ദക്ഷിണാഫ്രിക്കയോട് 70 റണ്‍സിന്റെ തോല്‍വി വഴങ്ങേണ്ടി വന്നു.
മത്സരത്തില്‍ 347 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക അയര്‍ലന്‍ഡിന് മുന്നിലേക്ക് വച്ചു നീട്ടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ദക്ഷിണാഫ്രിക്ക കൂറ്റന്‍ ജയം സ്വന്തമാക്കും എന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സിമി സിങ് ക്രീസിലെത്തുന്നത്. ഈ സമയത്ത് അയര്‍ലന്‍ഡ് 19 ഓവറില്‍ 92 റണ്‍സിന് ആറ് വിക്കറ്റ് എന്ന ദയനീയ നിലയിലായിരുന്നു.
ക്രീസിലെത്തിയ സിമി സിങ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നിര്‍ഭയം നേരിടുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. 57 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി കണ്ടെത്തിയ താരം തുടര്‍ന്നും ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. ഇതിനിടെ മറുവശത്ത് വിക്കറ്റുകള്‍ വീഴുന്നുണ്ടായിരുന്നു. പക്ഷെ വിട്ടുകൊടുക്കാന്‍ താരം ഒരുക്കമല്ലായിരുന്നു. 91 പന്തുകളില്‍ നിന്ന് താരം തന്റെ സെഞ്ചുറി നേട്ടം പൂര്‍ത്തിയാക്കുമ്പോൾ അയര്‍ലന്‍ഡിന്റെ കയ്യില്‍ ബാക്കിയുണ്ടായിരുന്നത് ഒരേ ഒരു വിക്കറ്റ് മാത്രമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here