കൊല്ലത്ത് യുവതിയെ പുറത്താക്കി ഭര്‍തൃവീട്ടുകാര്‍ കെെക്കലാക്കിയത് 50ല്‍ അധികം പവന്‍; പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടും നടപടിയില്ല

ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനം സഹിക്കാനാവാതെ ഭര്‍തൃവീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ പൊലീസും കൈവിട്ടതായി പരാതി. കൊല്ലം പോളയത്തോട് സ്വദേശി രേവതിയുടെ പരാതിയില്‍ ഒന്നര വര്‍ഷത്തോളമായിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. വനിതാ കമ്മീഷനിലടക്കം പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ രേവതിയുടെ കുടുംബം പുറത്ത് വിട്ടു.
രണ്ട് വര്‍ഷം മുമ്പാണ് കൊല്ലം മുണ്ടയ്ക്കല്‍ ചായക്കടമുക്ക് സ്വദേശി ശ്യാം ശേഖറുമായുള്ള രേവതിയുടെ വിവാഹം നടന്നത്. ഗള്‍ഫിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ശ്യാം. വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ശ്യാമിന്റെ മാതാപിതാക്കള്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് രേവതിയെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി.
രേവതിക്ക് അച്ഛന്‍ സമ്മാനമായി നല്‍കിയ അലമാര ഉള്ളില്‍ അഞ്ച് ലക്ഷം രൂപയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. ശ്യാമിന്റെ വീട്ടിലെത്തിയ രേവതിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സ്ത്രീധനത്തുകയുടെ പേരില്‍ അപമാനിച്ചു. പിന്നീട് പലതവണ സ്വത്ത് ആവശ്യപ്പെട്ട് ശ്യാമും കുടുംബവും രേവതിയുടെ വീട്ടുകാരെ സമീപിച്ചു. ശ്യാമിന്റെ വീട്ടുകാര്‍ ഫോണിലൂടെ പറഞ്ഞതിങ്ങനെ, ‘അറുപത് പവന്‍ പറഞ്ഞാല്‍ അറുപത്തഞ്ച് പവന്‍ കൊടുക്കണം. ഒരു പവനെങ്കിലും കൂട്ടിയിട്ടെ ഇന്നത്തെ കാലത്ത് ഒരു കുഞ്ഞിനെ അയക്കേണ്ടതൊള്ളൂ ഒരു അച്ഛനും അമ്മയും. കടം മേടിച്ചെങ്കിലും. എന്റെ മോളെ ഞാന്‍ അങ്ങനെ വിടത്തൊള്ളൂ. നല്ലൊരു പയ്യനെ കിട്ടിയാല്‍ കടം മേടിച്ചെങ്കില്‍ ഞാന്‍ എന്റെ മോളെ അങ്ങനെ വിടുകയുള്ളൂ…’
ധന ഐശ്വര്യം കൂട്ടാനെന്ന വ്യാജേന പല മന്ത്രവാദികളുടെ അടുത്തും ശ്യാമിന്റെ മാതാവ് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോയതായും രേവതി പറയുന്നു. കൊല്ലം, ചവറ, മുളക്കല്‍ എന്നിവിടങ്ങളിലും മറ്റും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി.
ശ്യാം ഗള്‍ഫിലേക്ക് മടങ്ങിപ്പോയതോടെ വീട്ടുകാരുടെ പീഡനം ഇരട്ടിയായി. പിന്നീട് രേവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി 53 ഓളം പവന്‍ സ്വര്‍ണം ഭര്‍ത്തൃവീട്ടുകാര്‍ കൈക്കലാക്കിയതായാണ് പരാതി. പൊലീസിലും വനിതാ കമ്മീഷനിലുമടക്കം പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആര്‍ക്കും ഇതു പോലൊരു അവസ്ഥ വരരുതെന്ന് രേവതിയുടെ അച്ഛന്‍ പറയുന്നു. വിവാഹം ബന്ധം വേര്‍പെടുത്തണമെന്നാണ് ശ്യാമിന്റെ വീട്ടുകാരുടെ ആവശ്യം. അതേസമയം തനിക്ക് നീതി കിട്ടും വരെ നിയമ പോരാട്ടം തുടരാനാണ് രേവതിയുടെ തീരുമാനം.
Story Highlights: kollam, dowry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here