പഞ്ചാബ് കോണ്‍ഗ്രസില്‍ പോര് അയയുന്നു: നവജ്യോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷന്‍

പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ നവജ്യോത് സിംഗ് സിദ്ദുവിനെ പിസിസി അധ്യക്ഷനായി നിയമിച്ചു. സിദ്ദുവിനൊപ്പം നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും എഐസിസി നിയമിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് എഐസിസിയുടെ തീരുമാനം.
നവജ്യോത് സിംഗ് സിദ്ദുവിനെ അധ്യക്ഷനാക്കുമെന്ന് എഐസിസി ദിവസങ്ങള്‍ക്ക് മുന്നേ സൂചന നല്‍കിയിരുന്നു. ആ ഘട്ടത്തിലും അമരീന്ദര്‍ സിംഗിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു നേതൃത്വം. പഞ്ചാബ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് അദ്ദേഹത്തെ നേരിട്ടുകാണുകയും ചെയ്തിരുന്നു. ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ക്യാപ്റ്റനെ നേരിട്ട് ഫോണില്‍ വിളിച്ചിരുന്നെങ്കിലും സിദ്ദുവിനെതിരായ നിലപാടില്‍ ഉറച്ചനില്‍ക്കുകയായിരുന്നു അദ്ദേഹം. സിദ്ദു തനിക്കെതിരായി നടത്തിയ ട്വീറ്റുകള്‍ പിന്‍വലിക്കണമെന്നായിരുന്നു പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടിയ അമരീന്ദര്‍ സിംഗിന്റെ പുതിയ ആവശ്യം.
പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ഒരു സമുദായത്തില്‍ നിന്ന് വേണ്ടെന്ന നിലപാടിലാണ് അമരീന്ദര്‍ സിംഗ്. ക്യാപ്റ്റനും സിദ്ദുവും ജാട്ട് സിഖ് സമുദായക്കാരാണ്. കോണ്‍ഗ്രസ് എന്നാല്‍ അമരീന്ദര്‍ സിംഗ് എന്നല്ലെന്നും സംസ്ഥാനത്ത് നടക്കുന്നത് ഏകാധിപത്യ ഭരണമാണെന്നുമായിരുന്നു സിദ്ദുവിന്റെ വാദങ്ങള്‍. പഞ്ചാബ് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണിയും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.
മാസങ്ങളായി നിലനില്‍ക്കുന്ന ക്യാപ്റ്റന്‍-സിദ്ദു ശീതയുദ്ധത്തിനാണ് ഹൈക്കമാന്‍ഡ് ഇടപെടലില്‍ തീരുമാനമായത്. 2022 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തത്.
Story Highlights: panjab congress, navjot singh sidhu, amarindhar singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here