Advertisement

എല്ലാ ഗർഭിണികളും വാക്സിൻ എടുക്കണം; മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിൻ എടുക്കുന്നതിൽ തടസമില്ല: മന്ത്രി വീണാ ജോർജ്

July 19, 2021
2 minutes Read
covid vaccine pregnant woman

സംസ്ഥാനത്തെ എല്ലാ ഗർഭിണികളും കൊവിഡ് വാക്സിൻ covid vaccine pregnant woman എടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൊവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമാകാൻ സാധ്യതയുള്ളവരാണ് ഗർഭിണികളെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി.

പലതരം പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗർഭിണികൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കൊവിഡ് വാക്സിൻ നൽകാൻ ‘മാതൃകവചം’ എന്ന പേരിൽ ആരോഗ്യ വകുപ്പ് കാമ്പയിൻ ആരംഭിച്ചത്. ജില്ലകളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 39,822 ഗർഭിണികളാണ് വാക്സിൻ എടുത്തതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാവരും സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് വാക്സിൻ എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഗൈനക്കോളജിസ്റ്റുകളുടെ യോഗം കൂടി ഗർഭിണകൾക്ക് അവബോധം നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. എല്ലാ ഡോക്ടർമാരും ഗൈനക്കോളജിസ്റ്റുമാരും ഇക്കാര്യത്തിൽ ഗർഭിണികൾക്ക് അവബോധം നൽകേണ്ടതാണ്. ഗർഭിണികളായതിനാൽ പലപ്പോഴും ചികിത്സയ്ക്കും പരിചരണത്തിനുമായി ആശുപത്രിയിൽ പോകേണ്ടി വരും. കൊവിഡ് വ്യാപനം കൂടി നിൽക്കുന്ന ഈ സമയത്ത് ആരിൽ നിന്നും ആർക്കും രോഗം വരാം. കൊവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗമാണ് വാക്സിൻ സ്വീകരിക്കുക എന്നുള്ളത്. വാക്സിൻ എടുത്ത് കഴിഞ്ഞ് പ്രതിരോധ ശേഷി വന്ന ശേഷം കൊവിഡ് ബാധിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണ്.

Read Also : കൊവിഡ് വാക്സിൻ പാർശ്വഫലങ്ങളും, പരിഹാരവും; വാക്സിൻ സംബന്ധിച്ച സംശയങ്ങളും ഉത്തരങ്ങളും [24 Explainer]

വാർഡ് തലത്തിൽ ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളേയും വാക്സിനേഷനായി രജിസ്റ്റർ ചെയ്യിപ്പിച്ച് വാക്സിൻ നൽകുകയാണ് മാതൃകവചത്തിന്റെ ലക്ഷ്യം. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവർത്തകരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യിപ്പിച്ചാണ് വാക്സിൻ എടുപ്പിക്കുന്നത്. വാക്സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുന്ന വിധത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ നടത്തിയാണ് വാക്സിൻ നൽകുന്നത്.

35 വയസിന് മുകളിൽ പ്രായമുള്ളവർ, അമിത വണ്ണമുള്ളവർ, പ്രമേഹം, രക്താതിമർദം തുടങ്ങിയ രോഗങ്ങളുള്ളവർ എന്നിവരിൽ രോഗം ഗുരുതരമായേക്കാം. ഇത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തേയും ബാധിക്കുവാൻ സാധ്യതയുണ്ട്. അതിനാൽ ഗർഭിണിയായിരിക്കുമ്പോൾ വാക്സിൻ എടുക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന കോവീഷീൽഡോ, കോവാക്സിനോ ഇഷ്ടാനുസരണം സ്വീകരിക്കാവുന്നതാണ്. ഗർഭാവസ്ഥയുടെ ഏത് കാലയളവിലും വാക്സിൻ സ്വീകരിക്കാം. കഴിയുന്നതും മുന്നേ തന്നെ വാക്സിൻ സ്വീകരിക്കുന്നതാണ് നല്ലത്.

മുലയൂട്ടുന്ന അമ്മമാർക്ക് ഏത് കാലയളവിലും വാക്സിൻ നൽകാൻ കേന്ദ്രം നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. അതിനാൽ തന്നെ ഗർഭാവസ്ഥയിലെ അവസാന മാസങ്ങളിൽ ഒന്നാം ഡോസ് വാക്സിൻ എടുത്താലും രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുമ്പോൾ, മുലയൂട്ടുന്ന സമയമായാൽ പോലും വാക്സിൻ എടുക്കുന്നതിന് യാതൊരു തടസവുമില്ല.

Story Highlights: covid vaccine pregnant woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top