Advertisement

ഡാനിഷ് കാർട്ടൂണിസ്റ്റ് കുർട് വെസ്റ്റർഗാർഡ് അന്തരിച്ചു

July 19, 2021
Google News 0 minutes Read

പ്രമുഖ ഡാനിഷ് കാർട്ടൂണിസ്റ്റ് കുർട് വെസ്റ്റർഗാർഡ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണ് മരണപ്പെട്ടത്.

പ്രവാചകൻ മുഹമ്മദിന്റെ വിവാദ കാർട്ടൂണുകളിലൂടെയാണ് കുർട് വെസ്റ്റർഗാർഡ് പ്രശസ്തനായത്. 2005 ൽ പുറത്തിറങ്ങിയ ഈ കാർട്ടൂണിനെ തുടർന്ന് ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡാനിഷ് പത്രമായ ദി ജുട് ലാന്റ് പോസ്റ്റിലാണ് കാർട്ടൂൺ ആദ്യമായി പ്രസിദ്ധീകരിച്ചത്.

പിന്നീട് 2006 ൽ, ഫ്രഞ്ച് മാസികയായ ഷാർലെ എബ്ദോ കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചതോടെ വീണ്ടും വിവാദങ്ങളും അക്രമങ്ങളും ഉണ്ടായി. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഈ നടപടിയെ അപലപിച്ചിരുന്നു. 2011 നവംബറിലാണ് ഷാർലെ ഹെബ്ദോ ഓഫീസിനു നേരെ ആദ്യം ബോംബാക്രമണം നടന്നത്. 2013 ൽ ഷാർലെ ഹെബ്ദോ വിവാദ കാർട്ടൂണുകൾ ഉൾപ്പെടുത്തി സ്‌പെഷ്യൽ എഡിഷൻ പ്രസിദ്ധീകരിച്ചു.

മുഹമ്മദ് നബിയെ അവഹേളിക്കുന്നതാണ് കാർട്ടൂൺ എന്നായിരുന്നു വിമർശനം. ഡെന്മാർക്കിലും കാർട്ടൂണിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. മുസ്ലീം രാജ്യങ്ങളിലെ അംബാസിഡർമാർ ഡെന്മാർക്ക് സർക്കാരിന് പരാതിയും നൽകി.

2005 ൽ 12 എഡിറ്റോറിയൽ കാർട്ടൂണുകളാണ് ദി ജുട് ലാന്റ് പോസ്റ്റിൽ വന്നത്. ഇതിൽ ഭൂരിഭാഗവും പ്രവാചകൻ മുഹമ്മദിനെ ആസ്പദമാക്കിയായിരുന്നു. അന്ന് കാർട്ടൂണിനെതിരെ ഡെൻമാർക്കിൽ പ്രതിഷേധം ഉയരുകയും കാർട്ടൂണിസ്റ്റിനെതിരെ നിരന്തര വധ ശ്രമങ്ങളുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ, യാഥാസ്ഥിതിക മുസ്ലീങ്ങളും തീവ്രവാദികളും മതങ്ങളെ ദുരുപയോഗിക്കുന്നതിനെ കുറിച്ചാണ് തന്റെ കാർട്ടൂണുകളെന്നായിരുന്നു വെസ്റ്റർഗാർഡിന‍്റെ വിശദീകരണം.

2008 ൽ വെസ്റ്റർഗാഡിനെ വധിക്കാൻ ശ്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. 2010 ലും വെസ്റ്റർഗാഡിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വധശ്രമം നടത്താൻ മുതിർന്ന ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമങ്ങൾ തുടർ സംഭവം ആയതോടെ സുരക്ഷാ ജീവനക്കാരനോടൊപ്പം രഹസ്യ വിലാസങ്ങളിലായിരുന്നു വെസ്റ്റർഗാഡിന്റെ പിന്നീടുള്ള ജീവിതം.

ലോകവ്യാപകമായ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളുമാണ് കാർട്ടൂണിനെ തുടർന്നുണ്ടായത്. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് ഉത്തരവാദികളെ വധിക്കാനും ഡാനിഷ് ഉല്പന്നങ്ങളെ ബഹിഷ്കരിക്കാനും ചില സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. പലയിടങ്ങളിലും ഡാനിഷ് എംബസികൾ ആക്രമിക്കപ്പെടുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.

കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ 2015 ൽ ഷാർലെ എബ്ദോ മാസികയുടെ പാരിസിലെ ഓഫീസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കാർട്ടൂണിസ്റ്റുകളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here