‘സ്വകാര്യ ആശുപത്രികൾ പണമുണ്ടാക്കുന്ന യന്ത്രമായി മാറി’; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

സ്വകാര്യ ആശുപത്രികൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെയാണെന്ന് സുപ്രിംകോടതി വിമർശിച്ചു. കൊവിഡ് രോഗികൾക്ക് ചികിത്സ നൽകുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷ വിമർശനം ഉന്നയിച്ചത്.
ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ചികിത്സ നൽകേണ്ട ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങളാകുകയാണെന്ന് കോടതി നിരീക്ഷിച്ചു. മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി ആശുപത്രികൾ മാറുകയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
സ്വകാര്യ ആശുപത്രികൾക്ക് അഗ്‌നിസുരക്ഷ ഉൾപ്പടെയുളള സംവിധാനങ്ങൾ വേണമെന്ന് സുപ്രിംകോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവ് മറികടന്ന് ഗുജറാത്ത് സർക്കാർ സമയം നീട്ടി നൽകിയിരുന്നു. ഇത്തരം ആനുകൂല്യങ്ങൾ കാരണം ജനങ്ങൾ പൊള്ളലേറ്റ് ആശുപത്രികളിൽ മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
Story Highlights: supreme court of india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here