Advertisement

ചാണകവും ഗോമൂത്രവും ഫലിക്കില്ലെന്ന് പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം; മണിപ്പൂർ ആക്ടിവിസ്റ്റിനെ വിട്ടയക്കാൻ കോടതി ഉത്തരവ്

July 19, 2021
Google News 0 minutes Read

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മണിപ്പൂരി സാമൂഹ്യ പ്രവർത്തകൻ ലിച്ചോമ്പം എറെൻഡ്രോയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി. ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ മോചിപ്പിക്കാനാണ് കോടതിയുടെ കർശന നിർദേശം. ചാണകവും ഗോമൂത്രവും കൊവിഡിനുള്ള ചികിത്സയല്ല എന്ന് ഫേസ്ബുക്കിൽ കുറിച്ച് ബി.ജെ.പി. നേതാക്കളെ പരിഹസിച്ചതിനാണ് എറെൻഡ്രോയ്ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തത്.

എറെൻഡ്രോയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അച്ഛൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ആർട്ടിക്കിൾ 21 പ്രകാരം ലിച്ചോമ്പം തടവിൽ തുടരുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടെങ്കിലും എറെൻഡ്രോയെ മോചിപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

കഴിഞ്ഞ മേയിലാണ് എറെൻഡ്രോയെ ദേശീയ സുരക്ഷാ നിയമപ്രകാരം മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. മണിപ്പൂർ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായിരുന്ന സൈഖോം ടിക്കേന്ദ്ര കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ഗോമൂത്രവും ചാണവും കൊറോണയ്ക്കുള്ള ചികിത്സയല്ലെന്ന് ലിച്ചോമ്പം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മണിപ്പൂർ ബി.ജെ.പി. സംസ്ഥാന നേതാക്കളുടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരുന്നത്.

രാജ്യസഭാ എം.പി. സനജോബ ലീഷെംബയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും അപമാനിക്കുന്ന തരത്തിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ 2020ലും ലിച്ചോബയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here