ആദ്യ പന്തിൽ സിക്സർ അടിക്കുമെന്ന് ഞാൻ എല്ലാവരോടും പറഞ്ഞിരുന്നു: ഇഷാൻ കിഷൻ

നേരിടുന്ന ആദ്യ പന്തിൽ തന്നെ സിക്സർ അടിക്കുമെന്ന് ഡ്രസിംഗ് റൂമിൽ എല്ലാവരോടും താൻ പറഞ്ഞിരുന്നു എന്ന് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ. അരങ്ങേറ്റ ഏകദിനത്തിൽ തന്നെ ഫിഫ്റ്റി നേടിയതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് കിഷൻ്റെ വെളിപ്പെടുത്തൽ. മത്സരത്തിൽ കിഷൻ 59 റൺസെടുത്തിരുന്നു.
“ആദ്യ പന്തിൽ സിക്സ് അടിക്കുമെന്ന് ഞാൻ ഡ്രസിംഗ് റൂമിൽ എല്ലാവരോടും പറഞ്ഞിരുന്നു. പന്ത് എവിടെയായാലും സിക്സ് അടിക്കണമെന്നായിരുന്നു. എല്ലാവർക്കും അത് അറിയാമായിരുന്നു. കാരണം, കാര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു. നല്ല പിച്ച്, ജന്മദിനം, എൻ്റെ ആദ്യത്തെ ഏകദിന മത്സരം.”- കിഷൻ പറഞ്ഞു.
മത്സരത്തിൽ ഫിഫ്റ്റിയടിച്ചതോടെ അരങ്ങേറ്റ ടി-20യിലും ഏകദിനത്തിലും അർദ്ധശതകം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഇഷാൻ കിഷൻ മാറിയിരുന്നു. ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വേഗത്തിൽ അർധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡും കിഷൻ നേടി. 33 പന്തിലാണ് താരം 50 റൺസ് നേടിയത്. ഇക്കാര്യത്തിൽ ഇന്ത്യയുടെ തന്നെ കൃണാൽ പാണ്ഡ്യയാണ് ഒന്നാമൻ.
മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. ലങ്ക ഉയർത്തിയ 263 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ ഇന്ത്യ മറികടന്നു.
Story Highlights: told everyone that I will hit six off first ball: Ishan Kishan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here