ഒളിമ്പിക്സ് മാർച്ച്പാസിനുള്ള ഇന്ത്യൻ കായികതാരങ്ങളുടെ എണ്ണം വെട്ടികുറച്ചു; മേരി കോമും മൻപ്രീതും പതാകയേന്തും

ഒളിമ്പിക്സ് മാർച്ച്പാസിനുള്ള ഇന്ത്യൻ കായികതാരങ്ങളുടെ എണ്ണം വെട്ടികുറച്ചു.22 കായിക താരങ്ങളും 6 ഒഫീഷ്യലുകളും മാത്രം മാർച്ച്പാസിൽ പങ്കെടുക്കും. ഇന്ത്യയുടെ പതാക വാഹകരായി മേരി കോമും മൻ പ്രീത് സിംഗും മുൻ നിരയിൽ നയിക്കും.നാളെ നടക്കുന്ന മാർച്ച് പാസ്റ്റിൽ ഇവർക്കു പിന്നിലായിട്ടാകും കായികതാരങ്ങളും ഒഫിഷ്യലുകളുമായി ഇന്ത്യൻ സംഘം അണിനിരക്കുക.
ഓഗസ്റ്റ് 8നു നടക്കുന്ന സമാപനച്ചടങ്ങിൽ ഗുസ്തി താരം ബജ്‌രംഗ് പൂനിയ ഇന്ത്യൻ പതാകയേന്തും. ഒളിംപിക് ചരിത്രത്തിലാദ്യമായിട്ടാണ് ഉദ്ഘാടനച്ചടങ്ങിനു പതാകവാഹകരായി 2 താരങ്ങളെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുക്കുന്നത്.
പുരുഷ, വനിതാ താരങ്ങളെ പതാകയേന്താൻ തെരഞ്ഞെടുക്കാമെന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി അറിയിച്ചിരുന്നു. 2016ലെ റിയോ ഒളിംപിക്സിൽ അഭിനവ് ബിന്ദ്രയാണ് ഇന്ത്യൻ ഇന്ത്യൻ പതാക കൈയിലേന്തിയത്. 2012 ലണ്ടനിൽ സുശീൽ കുമാറും 2008 ബെയ്ജിങ്ങിൽ രാജ്യവർധൻ സിങ് റാത്തോഡും പതാക പിടിച്ചു.
അതെ സമയം ടോക്യോ ഒളിംപിക്‌സിലെ പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. വമ്പന്‍ ടീമുകളായ അര്‍ജന്റീനയും ബ്രസീലും ജർമനിയും സ്‌പെയ്‌നുമെല്ലാം ആദ്യ റൗണ്ട് പോരാട്ടത്തിനായി കളത്തിലിറങ്ങും.
ഒളിംപിക്‌സിൽ ഫുട്ബോൾ അത്ര ഗ്ലാമര്‍ ഇനമല്ലെങ്കിലും യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടേയും ആരവം അടങ്ങും മുൻപ് പന്തുരുളുന്നതിനാൽ ഇത്തവണത്തെ മത്സരങ്ങൾക്ക് പതിവിലേറെ ആവേശമുണ്ട്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബ്രസീലും ജര്‍മനിയും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന സൂപ്പര്‍ പോരാട്ടം അഞ്ച് മണിക്ക് നടക്കും. മുൻ ചാമ്പ്യന്മാരായ അര്‍ജന്‍റീന ഓസ്‌ട്രേലിയയോട് വൈകിട്ട് നാലിന് ഏറ്റുമുട്ടും.
നാല് ഗ്രൂപ്പുകളിലായി ആകെ 16 ടീമുകളാണ് വിശ്വ കായിക മാമാങ്കത്തിന്‍റെ വേദിയിലെ പുരുഷ ഫുട്ബോളില്‍ മാറ്റുരയ്‌ക്കുക. അണ്ടർ 23 താരങ്ങളാണ് ടീമുകൾക്കായി കളത്തിലിറങ്ങുന്നത്. മൂന്ന് സീനിയര്‍ താരങ്ങളെയും ടീമിൽ ഉൾപ്പെടുത്താം.
ഡാനി ആൽവസും റിച്ചാലിസണും ഉൾപ്പടെയുള്ള ലോകോത്തര താരങ്ങളുമായാണ് സ്വര്‍ണ മെഡൽ നിലനിര്‍ത്താൻ ബ്രസീൽ വരുന്നത്. പെഡ്രി, ഉനായ് സിമോണ്‍, എറിക് ഗാര്‍സിയ, ഡാനി ഒൽമോ, ഒയാര്‍സബാൾ തുടങ്ങി യൂറോ കപ്പിൽ പന്തുതട്ടിയ ഒരുപിടി താരങ്ങളാണ് സ്‌പെയ്‌ന്‍റെ കരുത്ത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here