ട്രംപിന് നല്‍കിയ കൊവിഡ് മരുന്ന് കേരളത്തിലെ സര്‍ക്കാര്‍ മെഡി. കോളജുകളിലും; സ്വകാര്യ ആശുപത്രിയില്‍ ഡോസ് ഒന്നിന് 65,000

ഡോസ് ഒന്നിന് 65,000 രൂപ സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്ന കൊവിഡ് പ്രതിരോധമരുന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ലഭ്യം. ( covid 19 vaccine ) സംസ്ഥാനത്ത് മഞ്ചേരി മെഡിക്കല്‍ കോളജ് ഒഴികെയുള്ള മറ്റിടങ്ങളിലാണ് മരുന്ന് ലഭിക്കുക. മെയ് മാസം കേന്ദ്രം കേരളത്തിന് നല്‍കിയ കാസിരിവിമാബ്-ഇംഡെവിമാബ് മരുന്നാണ് മെഡിക്കല്‍ കോജുകളില്‍ ലഭ്യമാവുക. ഓഗസ്റ്റ് 31ന് കാലാവധി അവസാനിക്കുന്നതാണ് ഈ വാക്‌സിനുകള്‍.
അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ഡോണള്‍ഡ് ട്രംപ് കൊവിഡ് ബാധിതനായപ്പോള്‍ കുത്തിവെച്ച മരുന്നാണ് കാസിരിവിമാബ്- ഇംഡെവിമാബ്. കൊവിഡ് ബാധിതരായ പ്രമേഹരോഗികള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, കീമോ തെറാപ്പി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് മരുന്ന് പ്രയോജനം ചെയ്യുക എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഇത്തരം ആളുകള്‍ കൊവിഡ് പോസിറ്റീവായാല്‍ തൊട്ടടുത്ത ദിവസങ്ങളിലാണ് ഈ മരുന്ന് ഉപയോഗിക്കേണ്ടത്.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ഇതേ വാക്‌സിന് ഈടാക്കുന്നത് 60,000 മുതല്‍ 65,000 രൂപ വരെയാണ്. മേയില്‍ കേന്ദ്രം കേരളത്തിന് കൈമാറിയത് 4710 പേര്‍ക്ക് നല്‍കാവുന്ന 2355 വെയല്‍ മരുന്നായിരുന്നു. ഒരു വെയല്‍ മരുന്ന് രണ്ടു പേര്‍ക്ക് ഉപയോഗിക്കാം. ഇതു വരെ ഉപയോഗിച്ചത് 800 പേര്‍ക്ക് മാത്രമാണ്. അടുത്ത മാസം 31 ന് കേന്ദ്രം സൗജന്യമായി നല്‍കിയ ഈ മരുന്നിന്റെ കാലാവധി തീരും. ഐസിഎംആര്‍ മാര്‍ഗരേഖയില്‍ ഈ മരുന്നിനെക്കുറിച്ചു പറയുന്നില്ലന്ന വാദമുയര്‍ത്തി മഞ്ചേരി മെഡിക്കല്‍ കോളജ് ഇത് സ്വീകരിച്ചില്ല. അടിയന്തര സാഹചര്യത്തില്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന തുകക്കുള്ളമരുന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഉണ്ടെന്നറിയാതെയാണ് പലരും സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നത്. നിലവിലെ സ്റ്റോക്ക് തീര്‍ന്നാല്‍ ഇവ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് അപ്രത്യക്ഷമായേക്കും.
Read Also: കേന്ദ്രം നൽകിയ 10 ലക്ഷം ഡോസ് വാക്സിൻ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ല; വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി
സ്വിസ് മരുന്ന് കമ്പനിയായ റോച്ചെ വികസിപ്പിച്ച ഈ മരുന്ന് സിപ്ലയാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ രണ്ട് ആന്റിബോഡികള്‍ ചേര്‍ത്താണ് ഈ മിശ്രിതം ഉണ്ടാക്കുന്നത്. മനുഷ്യ കോശങ്ങളിലേക്കുള്ള വൈറസിന്റെ പ്രവേശനം തടയുന്നതിനാണ് കാസിരിവിമാബ്-ഇംഡെവിമാബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാര്‍സ്-കോവ്-2ന്റെ സ്‌പൈക്ക് പ്രോട്ടീനെതിരെയാണ് ഇവ നിര്‍ദേശിച്ചിരിക്കുന്നത്.
Story Highlights: covid 19 vaccine, casirivimab and imdevimab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here