17
Sep 2021
Friday

സഞ്ചാരികൾക്ക് വാക്‌സിൻ നൽകുന്ന രാജ്യങ്ങൾ

covid vaccine for tourists

കൊവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച ഒരു മേഖലയാണ് ടൂറിസം. മിക്ക രാജ്യങ്ങളും വിദേശ സഞ്ചാരികൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചിരിക്കുകയാണ്. ഇതിൽ ചിലയിടങ്ങളിൽ ഇപ്പോൾ യാത്രക്കാരെ അനുവദിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഒരു പടികൂടി കടന്ന് സഞ്ചാരികൾക്കായി വാക്‌സിനേഷൻ നൽകുന്ന രാജ്യങ്ങളും ഇപ്പോഴുണ്ട്. മുടങ്ങിപ്പോയ ടൂറിസം വരുമാനം വീണ്ടും തിരികെ കൊണ്ട് വരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പല രാജ്യങ്ങളും വാക്‌സിനേഷൻ നൽകാനായി ഇറങ്ങി തിരിച്ചിരിക്കുന്നത്. [covid vaccine for tourists]

Read Also: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി വാതിൽ തുറന്ന് നിരവധി രാജ്യങ്ങൾ

ജന സംഖ്യ കുറവുള്ള രാജ്യങ്ങളിൽ വാക്‌സിൻ ക്ഷാമം ഇല്ലാത്തതിനാൽ സഞ്ചാരികൾക്ക് വാക്‌സിൻ നൽകുന്നു എന്നത് ഒരു ടൂറിസ്റ്റ് ആകർഷണമായി ചൂണ്ടിക്കാണിക്കാൻ കഴിയും. ഇതിനോടൊപ്പം തന്നെ പല രാജ്യങ്ങളിലും യാത്ര നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും പൂർണമായും നീക്കം ചെയ്യാനുമൊക്കെയുള്ള ആലോചനകൾ പലയിടങ്ങളിലും നടന്ന് വരുന്നുണ്ട്. നിലവിൽ സഞ്ചാരികൾക്ക് വാക്‌സിൻ നൽകുന്നതും നൽകാൻ ഉദ്ദേശിക്കുന്നതുമായ രാജ്യങ്ങളെ കുറിച്ച് അറിയാം.

യു.എ.ഇ.

UAE

യു.എ.ഇ. രാജ്യങ്ങൾ വാക്‌സിൻ ടൂറിസം ആരംഭിച്ചിട്ടുണ്ട്. ഇത് വഴി എൻട്രി വിസയുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ ലഭിക്കും. ഇതിനായി അബുദാബിയുടെ ഹെൽത്ത് കെയർ ആപ്പ്ളിക്കേഷനിൽ രജിസ്റ്റർ ചെയ്യണം. യു‌.എസ്.-ജർമൻ ഫൈസർ / ബയോ‌ടെക്, ചൈനീസ് നിർമിത സിനോഫാം തുടങ്ങിയ വാക്‌സിനുകളാണ് ഇങ്ങനെ നൽകുന്നത്. ആപ്പുകളുടെ സഹായത്തോടെ സഞ്ചാരികൾക്ക് വാക്‌സിൻ അപ്പോയ്ന്റ്മെന്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. വാക്‌സിനേഷൻ സമയത്ത് ഒരു എൻട്രി സ്റ്റാമ്പിന്റെയോ വിസയുടെയും തെളിവ് കാണിക്കണം.

Read Also: ഇന്ത്യക്കാർക്ക് ഇപ്പോൾ യാത്രാ അനുമതി നൽകുന്ന 10 യൂറോപ്യൻ രാജ്യങ്ങൾ

യു.എസ്.

USA

യു.എസിലെ ചില സംസ്ഥാനങ്ങളും നഗരങ്ങളും സഞ്ചാരികൾക്ക് വാക്‌സിൻ നൽകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വേനൽക്കാല ടൂറിസം പരിപാടികൾ തുടങ്ങുമ്പോൾ എത്തിച്ചേരുന്ന സഞ്ചാരികൾക്ക് സൗജന്യ വാക്‌സിനുകൾ നൽകുമെന്ന് ഏപ്രിലിൽ അലാസ്ക പ്രഖ്യാപിച്ചിരുന്നു. വിദേശ സഞ്ചാരികൾക്കും വാക്‌സിൻ നൽകുമെന്ന് ന്യൂയോർക്ക് നഗരവും അറിയിച്ചിരുന്നു. ഇതിനായി ഹൈ ലൈൻ, സെൻട്രൽ പാർക്ക്, ബ്രൂക്ലിൻ ബ്രിഡ്ജ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോപ്പ്-അപ്പ് വാക്‌സിനേഷൻ സൈറ്റുകൾ സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു.

ബാലി

BALI

ഇൻഡോനേഷ്യയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമാണ് ബാലി. ഇപ്പോൾ ബലിയും സഞ്ചാരികൾക്ക് വാക്‌സിനേഷൻ നൽകാനായി മുന്നിലേക്ക് വന്നിട്ടുണ്ട്. ആഭ്യന്തര, അന്തർദേശീയ വിനോദ സഞ്ചാരികൾക്ക് വാക്‌സിനുകൾ ലഭ്യമാകുമെന്ന് ഇൻഡോനേഷ്യയിലെ ടൂറിസം, സാംസ്‌കാരിക സാമ്പത്തിക മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം, ആഭ്യന്തര യാത്രക്കാർക്ക് ആസ്ട്രാസെനെക്ക, സിനോവാക് തുടങ്ങിയ വാക്സിനുകളാണ് സൗജന്യമായി നൽകുക. അതേസമയം വിദേശ വിനോദ സഞ്ചാരികൾക്ക് വാക്‌സിനായി പണം നൽകേണ്ടി വരും.

മാലദ്വീപ്

MALDIVES

ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാലദ്വീപും വിനോദ സഞ്ചാരികൾക്ക് വാക്‌സിനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ‘വാക്‌സിൻ വെക്കേഷൻ’ എന്നാണ് ആശയത്തിന്റെ പേര്. എല്ലാ ദ്വീപ് നിവാസികൾക്കും വാക്‌സിൻ എടുത്ത് കഴിഞ്ഞാലുടൻ ഈ പദ്ധതി നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. സുരക്ഷിതമായി ടൂറിസം പരിപാടികൾ മുന്നോട്ടു കൊണ്ടു പോകാനായി ‘വിസിറ്റ്, വാക്സിനേറ്റ്, വെക്കേഷൻ’ എന്ന മുദ്രാവാക്യവുമായി നടപ്പിലാക്കുന്ന ‘3വി’ ടൂറിസം പദ്ധതിയുടെ ഭാഗമായായിരിക്കും സഞ്ചാരികൾക്ക് വാക്സിൻ ലഭ്യമാക്കുക.

റഷ്യ

RUSSIA

സഞ്ചാരികൾക്കായി വാക്‌സിനേഷൻ നടപടി നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യൻ സർക്കാർ. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഇവിടേക്ക് ആകർഷിക്കാൻ ഇത് സഹായകമാകും. എന്നാൽ റഷ്യൻ വാക്‌സിൻ അൽപ്പം ചിലവേറിയതാണ്. മൂന്നാഴ്ച നീണ്ടു നിൽക്കുന്ന വാക്സിൻ സ്കീമുകൾ ആയിരിക്കും ഇതുവഴി സഞ്ചാരികൾക്കായി അവതരിപ്പിക്കുക. ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെയായിരിക്കും ഇതിനുള്ള ചെലവ്. വിമാനയാത്രക്കുള്ള ചെലവ് വേറെ വരും. നിലവിൽ വാക്സിനുകൾ ലഭ്യമാണെങ്കിലും റഷ്യൻ കോൺസുലേറ്റുകൾ വീസ നൽകിത്തുടങ്ങിയിട്ടില്ലാത്തതിനാൽ പദ്ധതി നടപ്പിലാക്കാൻ അൽപ്പം സമയമെടുക്കും.

Story Highlights: Covid Vaccine For Tourists; Countries Providing Free Vaccines For Tourists

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top