Advertisement

ലിംഗമാറ്റ ശസ്ത്രക്രിയക്ക് പൊതു മാനദണ്ഡം ഉണ്ടാക്കും; മന്ത്രി ഡോ.ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി

July 23, 2021
Google News 2 minutes Read
gender change surgery kerala

സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് പൊതു മാനദണ്ഡം ഉണ്ടാക്കാൻ തീരുമാനം. അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സാമൂഹ്യനീതി വകുപ്പ് മന്ത്രിഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് വിളിച്ച് ചേർത്ത യോഗത്തിലാണ് പുതിയ തീരുമാനം.

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകൾ, അനുബന്ധമായ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകുന്നതിന്വിദഗ്ധ സമിതി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. SOGIESC Sexual orientation and Gender Identtiy, പാഠ്യപദ്ധതികളിലും അധ്യാപക വിദ്യാർത്ഥികളുടെ കരിക്കുലത്തിലും ഉൾപ്പെടുത്തുന്നത് പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും.

Read Also: അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

നിലവിൽ സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുഖേനയാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയകൾ നടന്നു വരുന്നത്. ഇതിൽ ചികിത്സാ രീതികൾ, ചികിത്സ ചിലവ്, തുടർചികിത്സ, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഒരു ഏകീകൃത മാനദണ്ഡം നിലവിലുള്ളതായി കാണുന്നില്ലെന്ന് യോഗം വിലയിരുത്തി. ഇത് ചില വ്യക്തികളിൽ പലതരത്തിലുള്ള ആരോഗ്യ മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും
ഈ സാഹചര്യത്തിൽ സർക്കാർ മേഖലയിൽ ഇത്തരം ശസ്ത്രക്രിയകളിൽ പ്രാവീണ്യമുള്ള ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകി ശസ്ത്രക്രിയകൾ നടത്തുന്നത് സംബന്ധിച്ചും, ലിംഗമാറ്റ ശസ്ത്രക്രിയകൾ, അനുബന്ധമായ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ ട്രാൻജൻഡർ സമൂഹത്തിന് ഏറ്റവും അനുകൂലമായ രീതിയിൽ ലഭ്യമാക്കുന്നതിന് സാഹചര്യങ്ങൾ സൃഷ്ടിച്ച് എടുക്കുന്നതിനും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും വിദഗ്ധ സമിതി പരിശോധിക്കേണ്ടതാണെന്ന് യോഗം തീരുമാനിച്ചു.

ശാരീരികമായും മാനസികമായും സാമൂഹികമായും കൂടുതൽ കരുതൽ വേണ്ട വിഭാഗം എന്ന നിലയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ചും, സർക്കാരിന്റെ ഭവന പദ്ധതിയിൽ മുൻഗണന വിഭാഗമായി ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചും പരിശോധിക്കുന്നതിന് സാമൂഹ്യനീതി ഡയറക്ടറെ ചുമതലപ്പെടുത്തി.

Read Also: ‘ശസ്ത്രക്രിയയ്ക്ക് ശേഷം പല്ല് തേക്കാനും മൂത്രം ഒഴിക്കാനുമെല്ലാം ബുദ്ധിമുട്ടായിരുന്നു; അനന്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല’; സുഹൃത്തുക്കൾ ട്വന്റിഫോറിനോട്

കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

ട്രാൻസ് ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തിൽ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകി. അനന്യയുടെ മരണത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് സുഹൃത്തുക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. അനന്യയുടെ സുഹൃത്തുക്കൾ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അനന്യുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Story Highlights: gender change surgery kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here