27
Sep 2021
Monday
Covid Updates

  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷണത്തിന് ആദായ നികുതി വകുപ്പ്; പൊലീസിനോട് വിവരങ്ങള്‍ തേടി

  karuvannur cooperative bank scam

  തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് (Karuvannur Bank fraud) അന്വേഷണം ഏറ്റെടുത്ത് ഇന്‍കം ടാക്‌സ് വകുപ്പ് (income tax department). ആദായ നികുതി വകുപ്പ് പ്രത്യേകാന്വേഷണ വിഭാഗം പൊലീസില്‍ നിന്ന് വിവരങ്ങള്‍ തേടി. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സുനില്‍ കുമാര്‍, ജില്‍സ് എന്നിവരുടെ ആസ്തിയെ കുറിച്ചും അന്വേഷിക്കും. പ്രതികള്‍ വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസില്‍ നിന്ന് വകുപ്പ് വിവരങ്ങള്‍ തേടി.

  കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പൊലീസില്‍ നിന്ന് വിവരം തേടിയിരുന്നു. വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് പണം കൈമാറിയെന്ന് ഇംകം ടാക്‌സ് വിഭാഗം സംശയിക്കുന്നു. ഇതിന് പിന്നിലുള്ള ആളുകളെ കണ്ടെത്താനാണ് ശ്രമം. തേക്കടിയില്‍ തേക്കടി റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ തട്ടിപ്പിന് പങ്കുള്ളവര്‍ക്ക് റിസോര്‍ട്ടുണ്ടായിരുന്നു. കൂടാതെ വരവില്‍ കവിഞ്ഞ സ്വത്ത് ഇവര്‍ക്കുണ്ടായിരുന്നെന്നും വിവരം.

  അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് മുന്‍ ബ്രാഞ്ച് മാനേജര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്തെത്തി. ബിജു കരിം, കമ്മിഷന്‍ ഏജന്റ് ബിജോയ് എന്നിവര്‍ മുഖേന കമ്മിഷന്‍ നിരക്കിലാണ് വന്‍കിട ലോണുകള്‍ നല്‍കിയതെന്നും തേക്കടിയിലെ റിസോര്‍ട്ടിനായാണ് പണം ശേഖരിച്ചതെന്നുമാണ് ആരോപണം.

  Read Also: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 100 കോടിയുടെ വന്‍ വായ്പ തട്ടിപ്പ്; മുന്‍ ജീവനക്കാര്‍ക്ക് എതിരെ കേസ്

  കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഈടില്ലാതെയും വ്യാജ ഈട് നല്‍കിയതും വന്‍കിട ലോണുകള്‍ നല്‍കിയത് കമ്മിഷന്‍ കൈപ്പറ്റിയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഓരോ ലോണിനും പത്ത് ശതമാനം വരെ കമ്മിഷന്‍ ഈടാക്കിയാണ് വായ്പ അനുവദിച്ചത്. തേക്കടിയിലെ റിസോര്‍ട്ടിനായാണ് പണം ശേഖരിച്ചതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു.

  സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് ബിജു കരിം എന്നും ഇത് മുതലെടുത്താണ് തിരിമറികള്‍ നടന്നതെന്നും ആരോപണമുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബിനാമി പേരില്‍ സിപിഐഎം നേതാക്കള്‍ പണം തട്ടിയെടുത്തതായും ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിക്ഷേപങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

  കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പ് നടന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 2014-20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

  മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. പലര്‍ക്കും ആവശ്യത്തില്‍ അധികം പണം വായ്പയായി നല്‍കിയെന്നാണ് ആരോപണം.

  നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ 10,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവാത്ത സാമ്പത്തിക സ്ഥിതിയിലേക്ക് ബാങ്ക് എത്തിയിരുന്നു. 46 ആളുകളുടെ പേരില്‍ എടുത്ത 22.85 കോടി രൂപ മുഴുവന്‍ കിരണ്‍ എന്നയാളുടെ ഒരു അക്കൗണ്ടിലേക്കാണ് വരവുചെയ്തിരിക്കുന്നത്. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങില്‍ ക്രമക്കേടുകള്‍ തെളിഞ്ഞിട്ടുണ്ട്. ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ ഒരുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ മാത്രം ഒന്നരക്കോടിയിലധികം കുറവുണ്ടെന്ന് കണ്ടെത്തി.

  Story Highlights:

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top