Advertisement

കൊളംബോയിൽ തകർപ്പൻ മഴ; ശ്രീലങ്ക-ഇന്ത്യ മൂന്നാം ഏകദിനം മുടങ്ങി

July 23, 2021
Google News 2 minutes Read
rain play srilanka india

ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള മൂന്നാം ഏകദിനം മഴ മൂലം തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 23 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ നിൽക്കവെയാണ് മഴ കനത്തത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര സ്വന്തമാക്കിയിരുന്നു. ( rain play srilanka india )

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും മൂന്നാം ഓവറിൽ ശിഖർ ധവാനെ (13) പുറത്താക്കി ശ്രീലങ്ക ഇന്ത്യൻ കുതിപ്പിനു കടിഞ്ഞാണിട്ടു. മൂന്നാം നമ്പറിലെത്തിയ മലയാളി താരം സഞ്ജു സാംസണും പൃഥ്വി ഷായും ചേർന്ന് 74 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. അരങ്ങേറ്റ മത്സരത്തിൻ്റെ അങ്കലാപ്പുകളൊന്നുമില്ലാതെ ബാറ്റ് വീശിയ സഞ്ജു പലപ്പോഴും പൃഥ്വി ഷായെ കടത്തിവെട്ടുന്ന ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. 16ആം ഓവറിൽ പൃഥ്വി ഷായെ (49) നഷ്ടമായ ഇന്ത്യക്ക് 19ആം ഓവറിൽ സഞ്ജുവിനെയും (46) നഷ്ടമായി. പൃഥ്വി ദാസുൻ ഷനകയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയപ്പോൾ സഞ്ജുവിനെ ജയവിക്രമ അവിഷ്ക ഫെർണാണ്ടോയുടെ കൈകളിൽ എത്തിച്ചു. മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇരുവർക്കും ഫിഫ്റ്റി നേടാനാവാത്തത് നിരാശയായി.

Read Also: ഫിഫ്റ്റിക്ക് 4 റൺസരികെ പുറത്തായി; ഏകദിനത്തിൽ സഞ്ജുവിന് മികച്ച തുടക്കം

മനീഷ് പാണ്ഡെ (10), സൂര്യകുമാർ യാദവ് (22) എന്നിവർ ക്രീസിൽ തുടരുകയാണ്. 29 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.

സഞ്ജു സാംസൺ അടക്കം അഞ്ച് താരങ്ങളാണ് ഇന്ന് ടീമിൽ അരങ്ങേറിയത്. സഞ്ജുവിനൊപ്പം രാഹുൽ ചഹാർ, നിതീഷ് റാണ, ചേതൻ സക്കരിയ, കൃഷ്ണപ്പ ഗൗതം എന്നിവർക്കാണ് അരങ്ങേറ്റം. ഇതോടൊപ്പം നവ്ദീപ് സെയ്നിയും ടീമിലെത്തി. ഇഷാൻ കിഷൻ, കൃണാൽ പാണ്ഡ്യ, ദീപഹ് ചഹാർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവർക്കാണ് ഇന്ത്യ വിശ്രമം അനുവദിച്ചത്.

അതേസമയം, ടി-20 അരങ്ങേറ്റത്തിനും ഏകദിന അരങ്ങേറ്റത്തിനുമിടയിൽ ഏറ്റവും നീണ്ട കാലയളവ് കാത്തിരിക്കേണ്ട വന്ന താരം എന്ന റെക്കോർഡ് മലയാളി താരം സഞ്ജു സാംസൺ സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിൽ അരങ്ങേറിയതോടെയാണ് സഞ്ജു റെക്കോർഡ് നേട്ടത്തിലെത്തിയയത്. വെസ്റ്റ് ഇൻഡീസിൻ്റെ ആഷ്ലി നഴ്സിൻ്റെ റെക്കോർഡാണ് സഞ്ജു തകർത്തത്.

ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിൽ അഞ്ച് താരങ്ങൾ അരങ്ങേറിയതിൽ ഇന്ത്യ റെക്കോർഡ് ഇട്ടിരുന്നു. 41 വർഷങ്ങൾക്കു ശേഷമാണ് അഞ്ച് താരങ്ങൾ ഒരുമിച്ച് അരങ്ങേറുന്നത്. 1980ൽ ഓസ്ട്രേലിയക്കെതിരെയാണ് മുൻപ് ഇന്ത്യ അഞ്ച് താരങ്ങൾക്ക് ഒരുമിച്ച് ആദ്യ മത്സരം കളിക്കാൻ അവസരം നൽകുന്നത്.

Story Highlights: rain stops play srilanka india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here