‘വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തുടങ്ങിയ പീഡനം; പിതാവിന് കിട്ടിയത് എനിക്ക് കിട്ടേണ്ട തല്ല്’; ഭർതൃ വീട്ടിലെ പീഡനം പറഞ്ഞ് ചക്കരപറമ്പിലെ യുവതി

എറണാകുളം ചക്കരപറമ്പിൽ യുവതി നേരിട്ടത് ക്രൂര പീഡനം. സ്ത്രീധനത്തെ ചൊല്ലി വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം പീഡനം തുടങ്ങിയതായി യുവതി പറഞ്ഞു. അൻപത് പവൻ സ്വർണമായിരുന്നു പിതാവ് നൽകിയത്. ബാക്കി പിന്നീട് നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം സ്വർണം നൽകാൻ ഭർത്താവ് ജിക്‌സണും ഭർതൃമാതാവും ആവശ്യപ്പെട്ടു. നൽകില്ലെന്ന് ഉറച്ചു പറഞ്ഞു. ഇത് പറഞ്ഞായിരുന്നു പീഡനമെന്ന് യുവതി ട്വന്റിഫോറിന്റെ ന്യൂസ് ഈവനിംഗ് ചർച്ചയിൽ പറഞ്ഞു.
ഏപ്രിൽ പന്ത്രണ്ടിനായിരുന്നു വിവാഹം നടന്നത്. തുടർന്ന് സ്വർണം ആവശ്യപ്പെട്ടു. തന്നെയും കുടുംബാംഗങ്ങളേയും ചീത്തപറഞ്ഞു. അതിന് ശേഷമായിരുന്നു ശാരീരികമായ പീഡനം. ആരും കാണാതെ ഉപദ്രവിക്കണമെന്നാണ് ജിക്‌സണിന്റെ അമ്മ പറഞ്ഞത്. വാ പൊത്തി പിടിച്ച് അടി വയറ്റിൽ ഇടിച്ചു. ഒന്ന് ഉറക്കെ കരയാൻ പോലും പറ്റാത്ത അവസ്ഥ. ഭർതൃവീട്ടുകാർ മര്യാദയ്ക്ക് ഭക്ഷണമൊന്നും നൽകിയിരുന്നില്ല. ഒരു ദിവസം രാത്രി വിശന്നിട്ട് ചോറ് എടുത്ത് കഴിച്ചപ്പോൾ വീട്ടിൽ നിന്ന് പുറത്തിറക്കി നിർത്തി. വീട്ടുകാർ വന്ന് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
Read Also: ചക്കരപ്പറമ്പില്‍ യുവതിയെയും പിതാവിനെയും ആക്രമിച്ച സംഭവം; ഭര്‍ത്താവിന് എതിരെ കേസ്
തേവര പള്ളി വികാരി നിബിൻ കുര്യാകോസാണ് വിവാഹം നടത്താൻ മുൻകൈയെടുത്തത്. തന്റെ രണ്ടാം വിവാഹമായിരുന്നു. ഇക്കാര്യം പറഞ്ഞും ജിക്‌സണിന്റെ പിതാവ് മാനസികമായി തളർത്തി. തന്റെ രണ്ടാം വിവാഹമാണെന്നും സഹിക്കുകയല്ലാതെ വേറെ വഴിയില്ലെന്നുമാണ് അയാൾ പറഞ്ഞത്. പൊലീസിൽ പരാതിപ്പെട്ടാൽ തന്നെ സംശയിക്കുമെന്ന് പറഞ്ഞു.
ജിക്‌സണും ഇതേ കാര്യം പറഞ്ഞ് മാനസികമായി തളർത്തി. അമ്മയുടെ സഹോദരനായ എസ്‌ഐയുടെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുമെന്നും പറഞ്ഞതായി യുവതി കൂട്ടിച്ചേർത്തു.
സ്വർണത്തിന് പുറമേ തന്റെ പേരിലുള്ള ഷെയറും എഴുതി വാങ്ങാൻ ഭർതൃവീട്ടുകാർ ശ്രമിച്ചെന്നും യുവതി പറഞ്ഞു. സമാധാനത്തോടെ ജീവിക്കണമെങ്കിൽ സ്വർണം നൽകണമെന്നാണ് പറഞ്ഞത്. എടിഎം കാർഡ് അടക്കം ഭർത്താവിന്റെ കൈവശമായിരുന്നു. എടിഎമ്മിൽ നിന്ന് ഒരു പത്ത് രൂപ പോലും എടുക്കാൻ പറ്റാത്ത അവസ്ഥ. തന്റെ വിഷയത്തിൽ ഇടപെട്ടതോടെയാണ് പിതാവിനെ ക്രൂരമായി മർദിച്ചത്. പിതാവിന്റെ കാല് തല്ലിയൊടിച്ചു. അദ്ദേഹത്തിന് എഴുപത് വയസുണ്ട് തനിക്ക് കിട്ടേണ്ട തല്ലാണ് അദ്ദേഹത്തിന് കിട്ടിയത്. സ്വർണം എടുത്തുമാറ്റിയതും പരാതി നൽകിയതുമാണ് പ്രകോപനത്തിന് കാരണമെന്നും യുവതി പറഞ്ഞു.
Story Highlights: chakkarapanthal dowry abuse woman reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here