Advertisement

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതികള്‍ തട്ടിയത് 50 കോടിയെന്ന് കണ്ടെത്തല്‍

July 24, 2021
2 minutes Read
Karuvannur bank scam Finding that main accused embezzled Rs 50 crore

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ മുഖ്യ പ്രതികളായ ബിജു കരീമും ബിജോയും നടത്തിയത് കോടികളുടെ വെട്ടിപ്പ്. സഹകരണ ബാങ്കിലെ വായ്പാ ചട്ടങ്ങള്‍ ലംഘിച്ച് ഇരുവരും തട്ടിയത് 46 ലോണുകളില്‍ നിന്ന് 50 കോടിയിലധികം രൂപയാണ്. വായ്പ എടുത്തത് പല സഹകാരികളുടെയും പേരിലുമാണ്.

ബാങ്ക് നിയമാവലി പ്രകാരം ഒരാള്‍ക്ക് എടുക്കാവുന്ന പരമാവധി തുക അന്‍പത് ലക്ഷമാണെന്നിരിക്കെ ക്രമവിരുവിരുദ്ധമായാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നത്. കേസിലെ പ്രതി മുന്‍ ബ്രാഞ്ച് മാനേജരും, സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിജു കരീം 18 വായ്പകളില്‍ നിന്ന് 20 കോടിയിലധികവും ബാങ്കില്‍ നിന്ന് തിരിമറി നടത്തി. സ്വന്തം പേരിന് പുറമെ ബന്ധുക്കളുടെ ഉള്‍പ്പടെ പേരില്‍ ലോണുകള്‍ എടുത്താണ് തിരിമറി നടത്തിയത്.

സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബിജോയ് 28 വായ്പകളില്‍ നിന്നായി 26 കോടി രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ ജോലി ലഭിച്ചതിന് ശേഷം ബിജു കരീമിന്റെയും ബിജോയുടെയും സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടായെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ബിജെപി കൗണ്‍സിലറുമായ ഷാജുട്ടന്‍ രംഗത്തെത്തി. കോടികള്‍ തിരിമറി നടത്തി റിസോര്‍ട്ടുകളിലും, ഭൂമി ഇടപാടുകളിലും ഇരുവരും പണം നിക്ഷേപിച്ചതായും ആരോപണമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ ഇരുവരും ഒളിവിലാണ്.

Read Also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷണത്തിന് ആദായ നികുതി വകുപ്പ്; പൊലീസിനോട് വിവരങ്ങള്‍ തേടി

കഴിഞ്ഞ ദിവസം ബിജെപിയും കോണ്‍ഗ്രസും ഇതുസംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ തെളിവുകള്‍ സഹിതം ഉന്നയിച്ചിരുന്നു. ബിജു കരിം, കമ്മിഷന്‍ ഏജന്റ് ബിജോയ് എന്നിവര്‍ മുഖേന കമ്മിഷന്‍ നിരക്കിലാണ് വന്‍കിട ലോണുകള്‍ നല്‍കിയതെന്നും തേക്കടിയിലെ റിസോര്‍ട്ടിനായാണ് പണം ശേഖരിച്ചതെന്നുമാണ് ആരോപണം. ബാങ്കില്‍ നിന്ന് ഈടില്ലാതെയും വ്യാജ ഈട് നല്‍കിയതും വന്‍കിട ലോണുകള്‍ നല്‍കിയത് കമ്മിഷന്‍ കൈപ്പറ്റിയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഓരോ ലോണിനും പത്ത് ശതമാനം വരെ കമ്മിഷന്‍ ഈടാക്കിയാണ് വായ്പ അനുവദിച്ചത്. തേക്കടിയിലെ റിസോര്‍ട്ടിനായാണ് പണം ശേഖരിച്ചതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു. കൂടാതെ മുന്‍മന്ത്രി എ സി മൊയ്തീന് അഴിമതിയെ കുറിച്ച് അറിവുണ്ടായിരുന്നതായി കോണ്‍ഗ്രസും ആരോപിച്ചു. നിയമസഭയിലും സംഭവം ചര്‍ച്ചയായി.

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പ് നടന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 2014-20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. പലര്‍ക്കും ആവശ്യത്തില്‍ അധികം പണം വായ്പയായി നല്‍കിയെന്നാണ് ആരോപണം.

നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ 10,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവാത്ത സാമ്പത്തിക സ്ഥിതിയിലേക്ക് ബാങ്ക് എത്തിയിരുന്നു. 46 ആളുകളുടെ പേരില്‍ എടുത്ത 22.85 കോടി രൂപ മുഴുവന്‍ കിരണ്‍ എന്നയാളുടെ ഒരു അക്കൗണ്ടിലേക്കാണ് വരവുചെയ്തിരിക്കുന്നത്. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങില്‍ ക്രമക്കേടുകള്‍ തെളിഞ്ഞിട്ടുണ്ട്. ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ ഒരുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ മാത്രം ഒന്നരക്കോടിയിലധികം കുറവുണ്ടെന്ന് കണ്ടെത്തി.

Story Highlights: Karuvannur bank scam Finding that main accused embezzled Rs 50 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top