കോട്ടയത്ത് കൊവിഡ് മാനദണ്ഡം പാലിക്കാതെ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗം; അസുഖം ബാധിച്ചത് എട്ട് പേര്‍ക്ക്

കോട്ടയത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിജിലന്‍സ് യോഗം. യോഗത്തില്‍ പങ്കെടുത്ത എട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിജിലന്‍സ് എസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. വിജിലന്‍സ് ഓഫീസിലായിരുന്നു യോഗം.
ഇത് സംബന്ധിച്ച് ഡിജിപിക്ക് ഉദ്യോഗസ്ഥര്‍ പരാതി നല്‍കി. കഴിഞ്ഞ 15ാം തിയതിയാണ് യോഗം ചേര്‍ന്നത്. 40 ഉദ്യോഗസ്ഥര്‍ യോഗത്തിനുണ്ടായിരുന്നു. ഇടുങ്ങിയ റൂമിലാണ് യോഗം ചേര്‍ന്നതെന്നും പരാതിയില്‍ പറയുന്നു.
നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാല്‍ അത് അവഗണിച്ചാണ് യോഗം നടത്തിയതെന്നും വിവരം. എന്നാല്‍ എസ്പി ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. 40 ഉദ്യോഗസ്ഥര്‍ യോഗത്തിന് ഇല്ലായിരുന്നുവെന്നും കൊവിഡ് മാനദണ്ഡം പാലിച്ചാണ് യോഗം നടത്തിയതെന്നും എസ്പി പറഞ്ഞു. ഡിവൈഎസ്പിക്ക് മാത്രമേ കൊവിഡ് വന്നുള്ളൂ എന്നും എസ്പിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസം കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരളത്തിലേത് മികച്ച ടെസ്റ്റിംഗ് രീതിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇരുപത്തിയെട്ട് പേരില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡെല്‍റ്റാ വകഭേദമാണ് കേരളത്തില്‍ ടിപിആര്‍ ഉയരാന്‍ കാരണം. കൊവിഡിനെ പിടിച്ചുകെട്ടാന്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സംസ്ഥാനത്തെ എല്ലാവര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗര്‍ഭിണികള്‍ വാക്സിനേഷനില്‍ നിന്ന് വിട്ടുനില്‍ക്കുന്നരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുലയൂട്ടുന്ന അമ്മമാരും വാക്സിനേഷന്‍ സ്വീകരിക്കണം.
സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്. 17,518 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 132 മരണം റിപ്പോര്‍ട്ട് ചെയ്തു. 128489 ആണ് പരിശോധനകളുടെ എണ്ണം. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 12.1 ആണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ടിപിആര്‍.
Story Highlights: Kottayam: Vigilance officials meet without covid norms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here