അഭിമാനമായി മീരാബായ് ചാനു; ഇന്ത്യയ്ക്ക് ആദ്യ മെഡൽ

ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം. ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിത്തന്നത് മീരാബായ് ചാനുവാണ്. ക്ലീൻ ആന്റ് ജെർക്ക് വിഭാഗത്തിൽ 115 കിലോഗ്രാം ഉയർത്തിയാണ് മീരാബായ് ചാനു വെള്ളിത്തിളക്കം സ്വന്തമാക്കിയത്.
അത്യന്തം ആവേശകരമായ പ്രകടനമാണ് മീരാബായ് ചാനു കാഴ്ചവച്ചത്. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരിയാണ് മീരാബായ്. ക്ലീൻ ആന്റ് ജർക്കിൽ ലോക റെക്കോർഡിന് ഉടമയാണ്. ഇക്കുറി മീരാബായ് ചാനുവിന് സ്വർണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളിയാണ് മീരബായ് നേടിയത്. ചൈനയുടെ ഷുഹുവിയാണ് ഒന്നാം സ്ഥാനത്ത്.
2000 ലെ ഒളിമ്പിക്‌സിൽ കർണം മല്ലേശ്വരി ഇതേ ഇനത്തിൽ വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ മെഡൽ നേടുന്നത്. സ്‌നാച്ചിൽ കൃത്യമായ മേധാവിത്തം ചൈനീസ് താരം നിലനിർത്തിയതാണ് മീരാബായിയെ വെള്ളിയിൽ ഒതുക്കിയത്.
Silver medal! ?
— Olympics (@Olympics) July 24, 2021
After a tough battle, Chanu Saikhom Mirabai finishes in second place in the #Weightlifting women's -49kg and earns the first medal for India at #Tokyo2020@iwfnet @WeAreTeamIndia pic.twitter.com/zLF5Et6NLC
ഒളിമ്പിക്‌സിന്റെ ആദ്യ മെഡൽ പോരാട്ട ദിനത്തിൽ തന്നെ ഇന്ത്യയ്ക്ക് മെഡൽ നേടാൻ സാധിച്ചത് ടീമിന് നൽകുന്നത് വലിയ പ്രതീക്ഷയാണ്.
അതിനിടെ ഒളിമ്പിക്‌സ് ഷൂട്ടിംഗിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ലോക രണ്ടാം നമ്പർ താരമായ ഇന്ത്യയുടെ സൗരഭ് ചൗധരി പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ 586 സ്‌കോർ നേടിയാണ് ഫൈനലിൽ പ്രവേശിച്ചത്. 95, 98, 98, 100, 98 , 97 എന്നിങ്ങനെയാണ് സൗരഭ് ചൗധരി വിവിധ റൗണ്ടുകളിൽ നേടിയ സ്‌കോർ.
എന്നാൽ അഭിഷേക് വർമയ്ക്ക് വിചാരിച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചില്ല. വിവിധ റൗണ്ടുകളിലായി 94,96,98,97,98, 92 എന്നിങ്ങനെയാണ് താരം നേടിയ സ്‌കോറുകൾ. 17-ാം സ്ഥാനത്താണ് അഭിഷേക് വർമ എത്തിയത്.
അതേസമയം, മിക്‌സഡ് ഡബിൾ ഇവന്റിൽ ഇന്ത്യയുടെ ശരത്ത് കമാൽ, മണിക ബത്ര എന്നീ സഖ്യം ചൈനയുടെ തായ്‌പെയ് സഖ്യമായ യുൻ ജു ലിൻ, ചിംഗ് ചെംഗ് എന്നിവരോട് പരാജയപ്പെട്ടു.
Read Also: ഒളിമ്പിക്‌സ് : ഷൂട്ടിംഗിൽ ഇന്ത്യ ഫൈനലിൽ
ഹോക്കിയിൽ വിജയത്തോടെയാണ് ഇന്ത്യ ഇന്ന് തുടങ്ങിയത്. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹർമൻ പ്രീത് സിംഗ് രണ്ട് ഗോൾ നേടി. രുബീന്ദ്ര പാൽ സിംഗ് ഒരു ഗോൾ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാൻഡ് ഗോൾ നേടിയിരുന്നെങ്കിലും ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആർ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.
Story Highlights: mirabai chanu bags silver
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here