19കാരിയുടെ മരണം; ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്‌തേക്കും

ആലപ്പുഴയിലെ സ്ത്രീധന പീഡനത്തില്‍ കേസെടുത്ത് പൊലീസ്. 19കാരിയുടെ മരണത്തിലാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്‌തേക്കും. മരിച്ച സുചിത്രയുടെ മാതാപിതാക്കള്‍ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ചിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തത്. ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഉത്തമനെയും സുലോചനയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനസിക സമ്മര്‍ദം താങ്ങാനാകാതെയാണ് മരണം എന്ന പ്രാഥമിക റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ മകളെ പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. സ്വര്‍ണവും കാറും നല്‍കിയതിന് പുറമെ സുചിത്രയുടെ ഭര്‍തൃവീട്ടുകാര്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും മൊഴി നല്‍കി. കൂടാതെ ഇതിനനുസരിച്ചുള്ള ഡിജിറ്റല്‍ തെളിവുകളും ഇവര്‍ കണ്ടെത്തിയിരുന്നു.
Read Also: കൊച്ചിയില്‍ സ്ത്രീധന പീഡനം; ഭാര്യാപിതാവിന്റെ കാല്‍ തല്ലിയൊടിച്ചു
ജൂണ്‍ 21നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കായംകുളം വള്ളികുന്നത്താണ് 19 വയസുള്ള പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഓച്ചിറ വലിയകുളങ്ങര സ്വദേശി സുചിത്ര ഭര്‍തൃഗൃഹത്തിലെ മുറിയ്ക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. സൈനികനാണ് സുചിത്രയുടെ ഭര്‍ത്താവ്.
രാവിലെ വീട്ടിനുള്ളില്‍ കാണാതായ സുചിത്രയെ 11.30യോടെ ഭര്‍തൃമാതാവ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനേയും വിവരം അറിയിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് സുചിത്രയുടെയും വിഷ്ണുവിന്റെയും വിവാഹം കഴിഞ്ഞത്. സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണു നിലവില്‍ ഉത്തരാഖണ്ഡിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ലീവ് കഴിഞ്ഞ് വിഷ്ണു ഉത്തരാഖണ്ഡിലേക്ക് പോയത്.
Story Highlights: 19-year-old dies husband’s parents may be arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here