ചക്കരപറമ്പ് സ്ത്രീപീഡനക്കേസ്; പെണ്‍കുട്ടിയുടെ പിതാവിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പിഴവെന്ന് പരാതി

കൊച്ചി ചക്കരപറമ്പ് സ്ത്രീധന പീഡന പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിലും പിഴവെന്ന് പരാതി. വാരിയെല്ലൊടിഞ്ഞത് ലൂര്‍ദ് ആശുപത്രിയുടെ ആദ്യ റിപ്പോര്‍ട്ടിലില്ല. പരാതിപ്പെട്ടപ്പോള്‍ പരിശോധിച്ച് തിരുത്തി പുതിയ റിപ്പോര്‍ട്ട് നല്‍കിയെന്ന് ബന്ധുക്കള്‍ പറയുന്നത്. ആശുപത്രി മാനേജ്‌മെന്റ് റിപോര്‍ട്ടില്‍ പിഴവ് വരുത്തിയത് കേസ് ദുര്‍ബലമാക്കാനെന്ന ആരോപണവുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി.
ചക്കരപറമ്പ് സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവിനെ പച്ചാളം സ്വദേശിയായ ഭര്‍ത്താവും അച്ഛനും മര്‍ദിച്ച കേസിലാണ് വീണ്ടും വിവാദം ഉടലെടുത്തിരിക്കുന്നത്. പിതാവ് ജോര്‍ജ് ചികിത്സ തേടിയ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ നിന്ന് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാലിലെ എല്ല് ഒടിഞ്ഞത് മാത്രമാണ് രേഖപ്പെടുത്തിയത്. വാരിയെല്ലിന് വേദനയുണ്ടെന്ന് പറഞ്ഞിട്ടും കൃത്യമായ പരിശോധന നടത്തിയിയെന്നാണ് ആരോപണം. ആദ്യ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദുര്‍ബല വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് പ്രതികളായ ജിപ്‌സനേയും പിതാവിനേയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
ബന്ധുക്കള്‍ പരാതിപ്പെട്ടപ്പോള്‍ മാത്രമാണ് വീണ്ടും എക്‌സ് റെ പരിശോധിച്ച് തിരുത്തി റിപ്പോര്‍ട്ട് നല്‍കിയത്. പെണ്‍കുട്ടിയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ ഭര്‍ത്താവ് ജിപ്സനെയും കുടുംബത്തേയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ട്വന്റിഫോര്‍ എന്‍കൗണ്ടറില്‍ യുവതി വിവാഹത്തിന് ശേഷം നടന്ന സംഭവങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. ഏപ്രില്‍ പന്ത്രണ്ടിനായിരുന്നു വിവാഹം നടന്നത്. തുടര്‍ന്ന് സ്വര്‍ണം ആവശ്യപ്പെട്ടു. തന്നെയും കുടുംബാംഗങ്ങളേയും ചീത്തപറഞ്ഞു. അതിന് ശേഷമായിരുന്നു ശാരീരികമായ പീഡനം. ആരും കാണാതെ ഉപദ്രവിക്കണമെന്നാണ് ജിക്സണിന്റെ അമ്മ പറഞ്ഞത്. വാ പൊത്തി പിടിച്ച് അടി വയറ്റില്‍ ഇടിച്ചു. ഒന്ന് ഉറക്കെ കരയാന്‍ പോലും പറ്റാത്ത അവസ്ഥ. ഭര്‍തൃവീട്ടുകാര്‍ മര്യാദയ്ക്ക് ഭക്ഷണമൊന്നും നല്‍കിയിരുന്നില്ല. ഒരു ദിവസം രാത്രി വിശന്നിട്ട് ചോറ് എടുത്ത് കഴിച്ചപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറക്കി നിര്‍ത്തി. വീട്ടുകാര്‍ വന്ന് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
തേവര പള്ളി വികാരി നിബിന്‍ കുര്യാകോസാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. തന്റെ രണ്ടാം വിവാഹമായിരുന്നു. ഇക്കാര്യം പറഞ്ഞും ജിക്സണിന്റെ പിതാവ് മാനസികമായി തളര്‍ത്തി. തന്റെ രണ്ടാം വിവാഹമാണെന്നും സഹിക്കുകയല്ലാതെ വേറെ വഴിയില്ലെന്നുമാണ് അയാള്‍ പറഞ്ഞത്. പൊലീസില്‍ പരാതിപ്പെട്ടാല്‍ തന്നെ സംശയിക്കുമെന്ന് പറഞ്ഞു. ജിക്സണും ഇതേ കാര്യം പറഞ്ഞ് മാനസികമായി തളര്‍ത്തി. അമ്മയുടെ സഹോദരനായ എസ്ഐയുടെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുമെന്നും പറഞ്ഞതായി യുവതി കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണത്തിന് പുറമേ തന്റെ പേരിലുള്ള ഷെയറും എഴുതി വാങ്ങാന്‍ ഭര്‍തൃവീട്ടുകാര്‍ ശ്രമിച്ചെന്നും യുവതി പറഞ്ഞു. സമാധാനത്തോടെ ജീവിക്കണമെങ്കില്‍ സ്വര്‍ണം നല്‍കണമെന്നാണ് പറഞ്ഞത്. എടിഎം കാര്‍ഡ് അടക്കം ഭര്‍ത്താവിന്റെ കൈവശമായിരുന്നു. എടിഎമ്മില്‍ നിന്ന് ഒരു പത്ത് രൂപ പോലും എടുക്കാന്‍ പറ്റാത്ത അവസ്ഥ. തന്റെ വിഷയത്തില്‍ ഇടപെട്ടതോടെയാണ് പിതാവിനെ ക്രൂരമായി മര്‍ദിച്ചത്. പിതാവിന്റെ കാല് തല്ലിയൊടിച്ചു. അദ്ദേഹത്തിന് എഴുപത് വയസുണ്ട് തനിക്ക് കിട്ടേണ്ട തല്ലാണ് അദ്ദേഹത്തിന് കിട്ടിയത്. സ്വര്‍ണം എടുത്തുമാറ്റിയതും പരാതി നല്‍കിയതുമാണ് പ്രകോപനത്തിന് കാരണമെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: Chakkaraparambu dowry Complaint medical report girl’s father erroneous
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here