പരിശീലകനില്ലാതെ സ്വന്തം ജിമ്മിൽ പരിശീലനം; 2 കിലോ വ്യത്യാസത്തിൽ മെഡൽ നഷ്ടമായി പാക് താരം

മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങളോ പരിശീലകനോ ഇല്ലാതെ ഒളിമ്പിക്സിലെത്തി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച് പാക് ഭാരോദ്വഹന താരം തൽഹ താലിബ്. പുരുഷന്മാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ മത്സരിച്ച ഈ 22കാരന് വെറും 2 കിലോ വ്യത്യാസത്തിലാണ് ഒളിമ്പിക്സ് മെഡൽ നഷ്ടമായത്. ( Talha Talib Tokyo olympics )
സ്നാച്ചിൽ 150 കിലോഗ്രാം ഉയർത്തിയ തൽഹ ക്ലീൻ ആൻഡ് ജെർക്കിൽ 170 കിലോഗ്രാം ഉയർത്തി. ആകെ 320 കിലോ ഉയർത്തിയ താരം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നാലാം സ്ഥാനത്തെത്തിയ ദക്ഷിണകൊറിയൻ താരം 321 കിലോ ഉയർത്തിയപ്പോൾ ഇറ്റാലിയൻ താരം മാർക്കോ സന്നി 322 കിലോ ഉയർത്തി വെങ്കലം നേടി. 331 കിലോ ഉയർത്തിയ കൊളംബിയൻ താരം ജാവിയർ മൊസ്ക്വീര വെള്ളി മെഡലും 332 കിലോ ഉയർത്തിയ ചൈനയുടെ ചെൻ ലിയുൻ സ്വർണ മെഡലും സ്വന്തമാക്കി.
Read Also: ടോക്യോ ഒളിമ്പിക്സ്: വനിതാ ഹോക്കിയിൽ ഇന്ത്യക്ക് വീണ്ടും തോൽവി
2018 കോമൺവെൽത്ത് വെങ്കലമെഡൽ ജേതാവായ തൽഹ 2016 കോമൺവെൽത്ത് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. സ്വന്തം നാടായ ഗുജ്റൻവാലയിലാണ് താരം പരിശീലനം നടത്തിയിരുന്നത്. സുഹൃത്തുക്കളും കുടുംബക്കാരും ചേർന്ന് നിർമ്മിച്ചുനൽകിയ ജിമ്മിലാണ് തൽഹയുടെ പരിശീലനം. എല്ലാ ദിവസവും ചുരുങ്ങിയത് 6 മണിക്കൂറുകൾ തൽഹ അവിടെ ചിലവഴിക്കും. ഇത് മാത്രമായിരുന്നു തൽഹയുടെ പരിശീലനം. ഇത്തരം പരിമിതമായ സൗകര്യങ്ങളിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവച്ച താരത്തെ ദേശീയ ക്രിക്കറ്റ് താരങ്ങൾ അടക്കമുള്ളവർ അഭിനന്ദിച്ചു.
അതേസമയം, വനിതാ ഹോക്കിയിലെ പൂൾ എയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടു. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ജർമ്മനിയാണ് ഇന്ത്യയെ കീഴടക്കിയത്. കളി അവസാനിക്കാൻ 10 മിനിട്ട് മാത്രം അവശേഷിക്കെ ശർമിള ദേവിക്ക് മഞ്ഞ കാർഡ് ലഭിച്ചത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി. ആദ്യ മത്സരത്തിൽ നെതർലൻഡിനോട് ഇന്ത്യ 1-5 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു.
Story Highlights: Talha Talib brilliant performance in Tokyo olympics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here