പഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിക്കുന്നതില്‍ തര്‍ക്കം; മുസ്ലിം ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

മലപ്പുറം മക്കരപ്പറമ്പില്‍ മുസ്ലിം ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് നേതാക്കളെ പൂട്ടിയിട്ടത്. ( youth league malappuram ) യൂത്ത് ലീഗ് പ്രതിനിധിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മനപൂര്‍വം ഒഴിവാക്കിയെന്നാണ് ആരോപണം.
ജൂണ്‍ 21നാണ് മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ചോലക്കല്‍ കോയ കൊവിഡ് ബാധിച്ച് മരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ മരണത്തെ തുടര്‍ന്ന് വീണ്ടും പുതിയ പ്രസിഡന്റിനെ തീരുമാനിക്കാനൊരുങ്ങുകയായിരുന്നു. എന്നാല്‍ വാര്‍ഡ് അംഗങ്ങളും പാര്‍ട്ടി ഭാരവാഹികളും അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന യോഗം സംഘര്‍ഷത്തിലേക്കെത്തുകയാണുണ്ടായത്. യൂത്ത് ലീഗിനെ പരിഗണിക്കാതെ മറ്റൊരാളെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ മുസ്ലിംലീഗ് ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് തര്‍ക്കമുണ്ടായതും നേതാക്കളെ ഓഫിസിനുള്ളില്‍ പൂട്ടിയിട്ടതും.

യുഡിഎഫിന്റെ പതിനൊന്ന് മെമ്പര്‍മാരും ജില്ലാ മുസ്ലിം ലീഗിന്റെ സെക്രട്ടറിയും പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, പ്രസിഡന്റ്, മറ്റ് ഭാരവാഹികളും പുറത്തിറങ്ങാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. നിലവില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ട് തുറന്നുകൊടുക്കാന്‍ തയാറായിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന വൈസ് പ്രസിഡന്റിനെ, പ്രസിഡന്റായി നിയമിക്കാനായിരുന്നു മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃത്വവും ജില്ലാ നേതൃത്വവും തീരുമാനിച്ചത്. എന്നാല്‍ അനീസ് മടത്തലിനെ പഞ്ചായത്ത് പ്രസിഡന്റ് ആക്കണമെന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ആവശ്യം.
യോഗം നടക്കുന്ന ലീഗ് ഓഫിസിന്റെ കവാടമാണ് പൂട്ടിയിട്ടത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. സ്ഥലത്ത് പൊലീസും എത്തിച്ചേര്‍ന്നിട്ടുണ്ട്.
Story Highlights: youth league malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here