20
Sep 2021
Monday

സംസ്ഥാനത്തെ കൊവിഡ് വര്‍ധനവ്; പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

cm pinarayi vijayan

സംസ്ഥാനത്തെ കൊവിഡ് വര്‍ധനവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷമുയര്‍ത്തിയ വിമര്‍ശനങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളെ ഒറ്റക്കെട്ടായി നിന്ന് മറികടക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. എന്നാല്‍ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്കു പകരം രാഷ്ട്രീയ ദുഷ്ടലാക്ക് മുന്‍നിര്‍ത്തി നുണപ്രചരണങ്ങള്‍ അഴിച്ചു വിടുകയാണ് പലരും ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതിപക്ഷം രംഗത്തിറങ്ങിയതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.( cm pinarayi vijayan fb post )

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയായി ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി കൊവിഡ് സാഹചര്യം വിശദീകരിച്ചിരുന്നു. കൊവിഡും ലോക്ക്ഡൗണും ജന ജീവിതത്തിലുണ്ടാക്കിയ ആഘാതങ്ങള്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്.

ജീവനോപാധികള്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ പത്തോളം പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കൊവിഡ് വ്യാപനത്തില്‍ കാര്യമായ കുറവുണ്ടാകുന്നില്ല. ജനങ്ങള്‍ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതസന്ധിയാണ് തുടങ്ങിയ കാര്യങ്ങളാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

‘ഇന്ത്യയില്‍ ഏറ്റവും ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. എന്നാല്‍ ഏറ്റവും അവസാനം കൊവിഡ് ഉച്ചസ്ഥായിയില്‍ എത്തിയ സംസ്ഥാനവും കേരളമാണ്. ഇന്ത്യയില്‍ ഏറ്റവും കുറച്ച് കൊവിഡ് മരണ നിരക്കുള്ള സംസ്ഥാനം, തൊണ്ണൂറു ശതമാനത്തോളം രോഗികള്‍ക്കും സര്‍ക്കാര്‍ സൗകര്യങ്ങളുപയോഗിച്ച് ചികിത്സ നല്‍കിയ സംസ്ഥാനം, സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികളുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിച്ച സംസ്ഥാനം, കമ്മ്യൂണിറ്റി കിച്ചനുകളും ഭക്ഷ്യകിറ്റുകളുമായി ഭക്ഷ്യസുരക്ഷയൊരുക്കിയ സംസ്ഥാനം, ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കിയ സംസ്ഥാനം, രോഗം വന്നു പോയവരുടെ ശതമാനം ഏറ്റവും കുറവുള്ള സംസ്ഥാനം, കൊവിഡ് പ്രതിരോധത്തില്‍ എടുത്തു പറയത്തക്ക അനവധി നേട്ടങ്ങള്‍ കേരളത്തിന്റേതായുണ്ട്. ആ പരിശ്രമങ്ങളെ ലോകം അംഗീകരിച്ചതാണ്.

മനുഷ്യരാശിയെ ഒന്നടങ്കം പ്രതിസന്ധിയിലാഴ്ത്തിയ ഇതുപോലൊരു മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ നമുക്ക് മുന്‍പില്‍ ഒരുപാട് വെല്ലുവിളികള്‍ ഉണ്ടെന്നുള്ളത് വാസ്തവമാണ്. ഈ പ്രതിസന്ധികളെ ഒരേ മനസ്സോടെ ഒറ്റക്കെട്ടായി നിന്ന് മറികടക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. എന്നാല്‍ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്കു പകരം രാഷ്ട്രീയ ദുഷ്ടലാക്ക് മുന്‍നിര്‍ത്തി നുണപ്രചരണങ്ങള്‍ അഴിച്ചു വിടുകയാണ് പലരും ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതിപക്ഷം രംഗത്തിറങ്ങിയത്. പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പടര്‍ത്താനുള്ള ഇത്തരം ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. യാഥാര്‍ഥ്യം നമ്മുടെ മുന്‍പിലുണ്ട്. അതു സത്യമാണെന്ന് തെളിയിക്കുന്ന അനുഭവങ്ങള്‍ ആണ് ജനങ്ങള്‍ക്കുള്ളത്’.

Read Also: കൊവിഡും ലോക്ക്ഡൗണും ജനജീവിതം ദുസഹമാക്കി; നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി പ്രതിപക്ഷം

പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയില്‍ സംസ്ഥാനം നേരിടുന്നത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. ഗുരുതര പ്രതിസന്ധി നേരിടുമ്പോഴും പ്രഥമ പരിഗണന നല്‍കുന്നത് ആരോഗ്യ സംരക്ഷണത്തിനാണ്. ആളുകള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി വിശദീകരിക്കുകയുണ്ടായി.

Story Highlights: cm pinarayi vijayan fb post

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top