ടോക്യോ ഒളിമ്പിക്സ് ഹോക്കിയില്‍ സ്പെയിനിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വിജയം നേടി ഇന്ത്യ
ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയില്‍ സ്പെയിനിനെതിരെ പൂള്‍ എ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വിജയം നേടി ഇന്ത്യ. ഇന്ത്യയ്ക്കായി സിമ്രന്‍ജിത്ത് സിങ് രണ്ടും രുപീന്ദര്‍ പാല്‍ സിങ് ഒരു ഗോളും കണ്ടെത്തി. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് വഴങ്ങിയ ഭാരിച്ച തോല്‍വിയുടെ ക്ഷീണമകറ്റാന്‍ ഇന്നത്തെ മത്സരഫലത്തിന് ഒരല്‍പ്പം സാധിച്ചു. മറുഭാഗത്ത് ന്യൂസിലാന്‍ഡിനോട് തോറ്റും ഓസ്‌ട്രേലിയയോട് സമനില പിടിച്ചുമാണ് സ്‌പെയിന്‍ ഇന്ത്യയ്‌ക്കെതിരെ കളത്തിലിറങ്ങിയത്.
തുടക്കത്തിലെ ആക്രമണത്തിലൂന്നിയാണ് ഇന്ത്യ പന്തുതട്ടിയത്. നാലാം മിനിറ്റില്‍ത്തന്നെ മന്ദീപ് സിങ് ഉശിരന്‍ ഷോട്ട് പായിക്കുന്നത് മത്സരം കണ്ടു. എന്നാല്‍ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ്‌കോ കോര്‍ട്ടെസിന്റെ ഇടപെടല്‍ നീക്കം വിഫലമാക്കി.
14 ആം മിനിറ്റിലാണ് ഇന്ത്യയുടെ ആദ്യ ഗോള്‍. വലതു വിങ്ങില്‍ നിന്നും പാഞ്ഞെത്തിയ പാസ് സിമ്രന്‍ജിത്ത് സിങ് ഏറ്റുവാങ്ങുമ്ബോള്‍ സ്പാനിഷ് പ്രതിരോധനിര കേവലം കാഴ്ച്ചക്കാരായി നിന്നു. ക്ലോസ് റേഞ്ചില്‍ നിന്നും തൊടുത്ത പന്തിനെ വലയ്ക്കുള്ളിലാക്കാന്‍ സിമ്രന്‍ജിത്ത് സിങ്ങിന് ഏറെ ബുദ്ധിമുട്ടുണ്ടായില്ല.
ആദ്യ ഗോളിന്റെ ആലസ്യം വിട്ടുമാറും സ്‌പെയിനിന്റെ പോസ്റ്റില്‍ വീണ്ടും പന്തെത്തി. 15 ആം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ പരമ്ബരകള്‍ക്ക് ശേഷം കിട്ടിയ പെനാല്‍റ്റി സ്‌ട്രോക്ക് രൂപീന്ദര്‍ പാല്‍ സിങ് ഗോളാക്കി മാറ്റി. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ത്തന്നെ രണ്ടു ഗോളിന് മുന്നിലെത്തിയ ഇന്ത്യയ്ക്ക് സ്പാനിഷ് പടയ്ക്ക് മുന്നില്‍ ശക്തമായ പ്രതിരോധമാണ് മുന്നോട്ട് കാഴ്ച്ചവെച്ചത്.
രണ്ട്, മൂന്ന്, നാല് ക്വാര്‍ട്ടറുകളില്‍ ഒരുപിടി ഗോളവസരങ്ങള്‍ ഇരുകൂട്ടര്‍ക്കും വീണുകിട്ടിയിരുന്നു. 30 ആം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്നും സ്പാനിഷ് നിരയെ മികവോടെ മുറിച്ചെത്തിയ ഹാര്‍ദിക് സിങ്ങിന് നിര്‍ണായക നിമിഷത്തില്‍ പന്തിനെ ലക്ഷ്യത്തിലേക്ക് തൊടുക്കാനായില്ല.
43 ആം മിനിറ്റില്‍ സ്പാനിഷ് മധ്യനിര താരം വിക്കന്‍സ് റൂയിസിനും കിട്ടി സുവര്‍ണാവസരം. എന്നാല്‍ പന്തിനെ കൃത്യമായി കൈപ്പിടിയിലാക്കുന്നതില്‍ താരം പരാജയപ്പെട്ടു. ഇതിനിടെ മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനത്തില്‍ കളത്തില്‍ 11 പേരിലധികം ഇറങ്ങിയതിന് സ്പാനിഷ് നായകന്‍ മിഖ്വേല്‍ ഡെലാസ് ഡി ആന്‍ട്രെസിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി. മത്സരത്തില്‍ അഞ്ച് മിനിറ്റോളം താരം പുറത്തിരുന്നു. അവസാന ക്വാര്‍ട്ടറിലും ഇന്ത്യ പ്രതിരോധത്തില്‍ ചുവടുവെച്ചാണ് നിന്നത്. ഇതോടെ സ്പാനിഷ് മുന്നേറ്റങ്ങളുടെ മുനയുമൊടിഞ്ഞു.
51 ആം മിനിറ്റില്‍ രൂപീന്ദര്‍ പാല്‍ സിങ് വീണ്ടും ഗോള്‍വല ചലിപ്പിച്ചതോടെ സ്‌പെയിനിന്റെ പോരാട്ടവീര്യം പൂര്‍ണമായും ചോര്‍ന്നു. പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഇന്ത്യയുടെ മൂന്നാമത്തെ ഗോള്‍. പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കി മാറ്റുന്നതിലുള്ള പോരായ്മ സ്‌പെയിനിന്റെ തോല്‍വിയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here