Advertisement

കിറ്റെക്‌സില്‍ വീണ്ടും പരിശോധന; പി.ടി തോമസ് എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലെന്ന് ആരോപണം

July 27, 2021
Google News 1 minute Read
kitex raid

കിറ്റെക്‌സില്‍ സംസ്ഥാന ഭൂഗര്‍ഭജല അതോറിറ്റിയുടെ പരിശോധന. മിന്നല്‍ പരിശോധന ഉണ്ടാകില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമാണ് വീണ്ടും പരിശോധന ( kitex raid )നടത്തിയത്. പി.ടി തോമസ് എംഎല്‍എ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായാണ് മിന്നല്‍ പരിശോധന നടത്തിയതെന്ന് കിറ്റെക്‌സ് അധികൃതര്‍ ആരോപിക്കുന്നു. ഒരു മാസത്തിനിടെ ഇത് പന്ത്രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ കിറ്റെക്‌സ് സ്ഥാപനത്തില്‍ പരിശോധന നടത്തുന്നത്. മുന്‍കൂട്ടി അറിയിക്കാതെയുള്ള പരിശോധനയുടെ ഫലമായിരുന്നു കിറ്റെക്‌സും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍. ജില്ലാ വികസന സമിതി യോഗത്തിലാണ് തൃക്കാക്കര എംഎല്‍എ പി.ടിതോമസ് പരാതി നല്‍കിയതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂഗര്‍ഭജല അതോറിറ്റി പരിശോധന നടത്തിയതെന്നും കിറ്റെക്‌സ് മാനേജ്‌മെന്റ് പ്രതികരിച്ചു.

അടിക്കടിയുണ്ടായ പരിശോധനകളില്‍ പ്രതിഷേധിച്ച് കേരളത്തിലെ 3500 കോടി രൂപയുടെ നിക്ഷേപം കിറ്റെക്‌സ് പിന്‍വലിച്ചിരുന്നു. തടര്‍ന്നാണ് തെലങ്കാനയില്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കിറ്റെക്‌സിനെ അനുനയിപ്പിക്കാനുള്ള നീക്കവും ഇതിനിടയില്‍ നടന്നു. അടിക്കടിയുള്ള മിന്നല്‍ പരിശോധനകള്‍ ഇനിയുണ്ടാകില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉറപ്പുകൊടുക്കുകയും ചെയ്തു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്നും കിറ്റെക്‌സിനെ സര്‍ക്കാര്‍ മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എംഡി സാബു എം ജേക്കബ് ആരോപിക്കുകയും ചെയ്തിരുന്നു. നേരത്തെ കിറ്റെക്‌സിലെ മലിനജന ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ലെന്നും പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുംവരെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവക്കണമെന്നും ആവശ്യപ്പെട്ട് പി.ടി തോമസ്, ടി.ജെ.വിനോദ്, എല്‍ദോസ് പി കുന്നപ്പിള്ളി, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

Read Also: കിറ്റെക്‌സിനെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നെന്ന് എംഡി സാബു എം ജേക്കബ്

കിറ്റെക്‌സുമായുള്ള വിവാദങ്ങള്‍ക്കുപിന്നാലെ വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് പുതിയ സംവിധാനം ഒരുക്കുമെന്നായിരുന്നു മന്ത്രി പി രാജിവ് പറഞ്ഞത്. കമ്പനിയില്‍ മുന്‍കൂട്ടി അറിയിക്കാതെ പരിശോധന നടത്തിയതില്‍ കിറ്റെക്‌സ് മാനേജ്‌മെന്റ് പി വി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. രാഷ്ട്രീയ വേട്ടയാടല്‍ എന്നായിരുന്നു സര്‍ക്കാര്‍ പരിശോധനകളെ കിറ്റെക്‌സ് മാനേജ്‌മെന്റ് വിശേഷിപ്പിച്ചത്.

Story Highlights: kitex raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here