‘തർക്കം പരിഹരിച്ച് ഒരുമിച്ച് മുന്നോട്ടുപോണം’; ഐഎൻഎല്ലിന് മുന്നറിയിപ്പുമായി എൽഡിഎഫ്

ഐഎൻഎല്ലിലെ ഇരുവിഭാഗങ്ങളും തർക്കം പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് എൽഡിഎഫ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാന അധ്യക്ഷൻ എ.പി.അബ്ദുൾ വഹാബും അനുകൂലികളും നടത്തിയ കൂടിക്കാഴ്ചയിലാണ് എൽഡിഎഫ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൾ വഹാബിന്റേയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റേയും നേതൃത്വത്തിൽ ഐഎൻഎൽ രണ്ടു ചേരിയായതിൽ എൽഡിഎഫ് നേതൃത്വം കടുത്ത അമർഷത്തിലാണ്. ഇരുവിഭാഗങ്ങളും പ്രശ്‌നങ്ങൾ പരിഹരിച്ച് ഒന്നിച്ചുപോകണമെന്ന് സിപിഐഎം നിർദേശം നൽകിയതിനു പിന്നാലെയായിരുന്നു കൊച്ചിയിലെ തമ്മിൽതല്ല്. ഈ പശ്ചാത്തലത്തിലാണ് എ.പി.അബ്ദുൾ വഹാബും അനുകൂലികളും തലസ്ഥാനത്തെത്തി കാനം രാജേന്ദ്രനേയും എ.വിജയരാഘവനേയും കണ്ടത്. ഐഎൻഎല്ലിലെ പ്രശ്‌നങ്ങൾ തെരുവിലേക്കെത്തിയത് മുന്നണിക്ക് നാണക്കേടായെന്ന് കാനം രാജേന്ദ്രന്റെ നിലപാട്. അനുരഞ്ജനത്തിന്റെ വാതിലുകൾ കൊട്ടിയടഞ്ഞിട്ടില്ലെന്നും പ്രവർത്തകർ ഭൂരിഭാഗവും തങ്ങൾക്കൊപ്പമാണെന്നുമായിരുന്നു എ.പി.അബ്ദുൾ വഹാബിന്റെ പ്രതികരണം.
Read Also: ഐഎൻഎൽ തർക്കം; ഇരു വിഭാഗങ്ങളും ഒന്നിച്ചു നിന്നാൽ മുന്നണിയിൽ തുടരാമെന്ന് സിപിഐഎം
എകെജി സെന്ററിൽ എത്തി ഇടതുമുന്നണി കൺവീനറുമായി ഐഎൻഎൽ നേതാക്കൾ കൂടിക്കാഴ്ച നടത്തിയെങ്കിലും വിശദമായ ചർച്ച നാളെ ആകാമെന്ന് വിജയരാഘവൻ അറിയിച്ചു. വിഷയം സിപിഐഎം ചർച്ച ചെയ്യാത്തതിനാലാണിത്. പ്രശ്‌നപരിഹാര ശ്രമങ്ങൾക്ക് എൽഡിഎഫ് നേതൃത്വം മുൻകൈ എടുക്കുമെന്ന പ്രതീക്ഷയിലാണ് എ.പി.അബ്ദുൾവഹാബ് വിഭാഗം. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.
Story Highlights: cpim warn inl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here