Advertisement

കയ്യാങ്കളിക്കേസ് ഇന്ന് നിയമസഭയില്‍ ചര്‍ച്ചയാകും

July 29, 2021
2 minutes Read
ruckus case in legislative assembly today v sivan kutti resignation

നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇന്ന് നിയമസഭ പ്രക്ഷുബ്ദമാകും. കേസില്‍ വിചാരണ നേരിടാനൊരുങ്ങുന്ന മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തരപ്രമേയമായി വിഷയമുന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.

വി ശിവന്‍കുട്ടിക്ക് പ്രതിരോധം തീര്‍ത്തുളള സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വിശദീകരിക്കും. മലപ്പുറം ജില്ലയില്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് എം കെ മുനീര്‍ ശ്രദ്ധ ക്ഷണിക്കലിലൂടെ ഉന്നയിക്കും. മരം മുറിക്കല്‍ വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സഭയില്‍ ഉണ്ടാകും. ഗതാഗത-ഫിഷറീസ് വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകളും ഇന്ന് സഭയില്‍ നടക്കും.

അതേസമയം കെഎസ് യു ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. കളക്ട്രേറ്റുകളിലും പ്രതിഷേധമുണ്ടാകും. കെപിസിസി പ്രതിഷേധത്തിനായി ആഹ്വാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും വി ശിവന്‍ കുട്ടി അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകള്‍ സുപ്രിംകോടതി തള്ളി. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി.

Read Also: നിയമസഭാ കയ്യാങ്കളി കേസ്; സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി

വിചാരണ നേരിടേണ്ടവര്‍ മന്ത്രി വി ശിവന്‍ കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ്. വിധി പറഞ്ഞത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ്. അപ്പീലുകളിലെ വാദത്തില്‍ കഴമ്പില്ലെന്നും കോടതി.

നിയമനിര്‍മാണ സഭകളുടെ നിയമപരിരക്ഷ ബ്രിട്ടീഷ് ചരിത്രവുമായി സുപ്രിംകോടതി ഒത്തുനോക്കി. ഭയവും പക്ഷഭേദവുമില്ലാതെ പ്രവര്‍ത്തിക്കാനാണ് നിയമസഭാംഗങ്ങള്‍ക്ക് നിയമ പരിരക്ഷ. പദവികളും പ്രതിരോധശേഷിയും പദവിയുടെ അടയാളമല്ല, അത് അംഗങ്ങളെ തുല്യനിലയില്‍ നിര്‍ത്തുന്നുവെന്നും കോടതി.

2015 മാര്‍ച്ച് 13നായിരുന്നു സംഭവം. ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു. കെ.എം.മാണി ബജറ്റ് അവതരണം നടത്താതിരിക്കാന്‍ ആയിരുന്നു പ്രതിഷേധക്കാരുടെ ശ്രമം. കെ.എം.മാണിയെ സഭയ്ക്ക് അകത്തും പുറത്തും ഇടതുപക്ഷം തടഞ്ഞു. നിയമസഭയിലെ ഉപകരണങ്ങള്‍ തല്ലിപ്പൊട്ടിച്ചു.

Story Highlights: ruckus case in legislative assembly today v sivan kutti resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top