Advertisement

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

July 30, 2021
1 minute Read
rtpcr rate

കൊവിഡ് രോഗബാധ പരിശോധിക്കുന്ന ആര്‍ടിപിസിആര്‍ ടെസ്‌ററ് നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ സമാന കേസില്‍(rtpcr rate) ലാബ് ഉടമകളുടെ ഹര്‍ജി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.

സര്‍ക്കാര്‍ തീരുമാനത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ വീണ്ടും സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. ഇതേതുടര്‍ന്നാണ് ലാബ് ഉടമകളുടെ പുതിയ നീക്കം. സ്വകാര്യ ലാബ് ഉടമകളുമായി കൂടിയാലോചിക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനമെടുത്തത് നിയമപരമല്ലെന്നും കുറഞ്ഞ നിരക്കില്‍ ടെസ്റ്റ് നടത്തുന്നത് ലാബ് ഉടമകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സംസ്ഥാനത്ത് കൊവിഡ് സാഹചര്യം ആശങ്കയിലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചെന്നും ടിപിആര്‍ കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പ്രതിദിന ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒന്നു പോലും വിട്ടുപോകാതെ പോസിറ്റീവ് കേസുകള്‍ കണ്ടെത്തുക എന്നതാണ് ലക്ഷ്യം. എല്ലാ വകുപ്പുകളുടേയും ഏകോപനമുണ്ട്. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്നാണ് ദേശീയ തലത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്്. ദേശീയ ശരാശരിയേക്കാള്‍ കേരളത്തിലെ രോഗികളുടെ എണ്ണം വളരെ കുറവാണെന്നും മന്ത്രി വ്യക്തമാക്കി.
ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ കേരളത്തില്‍ 42 ശതമാനം ആളുകളില്‍ ആന്റിബോഡി ഉണ്ടെന്നാണ് കണ്ടെത്തല്‍. അന്‍പത് ശതമാനത്തില്‍ അധികം ആളുകള്‍ക്ക് രോഗം വന്നിട്ടില്ല. അവര്‍ക്ക് വാക്സിനേഷന്‍ നല്‍കുകയാണ് ലക്ഷ്യം. ജനസംഖ്യയുടെ ഓരോ പത്ത് ലക്ഷം പേര്‍ക്കും വാക്സിന്‍ നല്‍കുന്ന ശതമാനം എടുത്താല്‍ കേരളം ഒന്നാം സ്ഥാനത്താണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: കൊവിഡ്; കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്നലെ 22,064 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്.

Story Highlights: rtpcr rate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top