ജഡ്ജിയുടെ ദുരൂഹ മരണം; സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

ജാർഖണ്ഡിലെ ധൻബാദിൽ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി. അന്വേഷണ പുരോഗതി റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ ജാർഖണ്ഡ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നിർദേശം നൽകി.
ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. രാജ്യത്ത് ജുഡീഷ്യൽ ഓഫിസർമാർ, അഭിഭാഷകർ എന്നിവർക്ക് നേരെ ആക്രമണം നടന്ന ഒട്ടേറെ സംഭവങ്ങളുണ്ടായി. ജുഡീഷ്യൽ ഓഫിസർമാരുടെ സുരക്ഷ വിശാല അർത്ഥത്തിൽ തന്നെ പരിഗണിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പൊലീസ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നതിന് ജാർഖണ്ഡ് ഹൈക്കോടതിക്ക് തടസമില്ലെന്നും കൂട്ടിച്ചേർത്തു.
Read Also:ജാർഖണ്ഡിൽ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ
ബുധനാഴ്ചയാണ് ധൻബാദ് അഡിഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയ ജഡ്ജിയെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവറും സഹായിയും അറസ്റ്റിലായിരുന്നു. എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രാഷ്ട്രീയ ബന്ധമുള്ള ചില കൊടും ക്രിമിനലുകൾക്ക് ഉത്തം ആനന്ദ് ജാമ്യം നിഷേധിച്ചത് അടക്കം വിവരങ്ങൾ പുറത്തുവന്നിരുന്നു.
Story Highlights: sc on judges death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here