Advertisement

ടോക്യോ ഒളിമ്പിക്സ്: ടെന്നീസ് ഡബിൾസിലും ജോക്കോവിച്ചിനു തോൽവി

July 30, 2021
Google News 3 minutes Read
olympics djokovic lost doubles

ടോക്യോ ഒളിമ്പിക്സ് പുരുഷ വിഭാഗം ടെന്നീസ് സെമിഫൈനലിനു പിന്നാലെ മിക്സഡ് ഡബിൾസിലും ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനു തോൽവി. സെമിഫൈനലിൽ റഷ്യയുടെ അസ്ലൻ കാരത്സേവ്‌-എലെന വെസ്നിന സഖ്യത്തോടാണ് സെർബിയൻ ജോഡിയായ ജോക്കോവിച്ച്- നീന സ്റ്റോയനോവിച്ച് സഖ്യം കീഴടങ്ങിയത്. സ്കോർ 7-6, 7-5. ടൈബ്രേക്കറിൽ ആദ്യ സെറ്റ് കൈവിട്ട സെർബിയൻ ജോഡി കടുത്ത പോരാട്ടത്തിനു ശേഷമാണ് രണ്ടാം സെറ്റ് അടിയറ വച്ചത്. (olympics djokovic lost doubles)

ജർമനിയുടെ അലക്സാണ്ടർ സ്വെരെവിനെതിരെയാണ് പുരുഷവിഭാഗം സെമിഫൈനലിൽ ജോക്കോവിച്ച് പരാജയപ്പെട്ടത്. സ്കോർ 1-6, 6-3, 6-1. നാല് പ്രധാന മേജറുകളും ഒളിമ്പിക്സ് സ്വർണവും നേടി ഗോൾഡൻ സ്ലാം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ പുരുഷതാരമെന്ന റെക്കോർഡ് ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ടോക്യോയിൽ എത്തിയത്. എന്നാൽ സെമിയിൽ ജർമ്മൻ താരത്തിനോട് പരാജയപ്പെട്ടതോടെ ജോക്കോവിച്ചിന് ആ നേട്ടത്തിലെത്താതെ മടങ്ങുകയാണ്. 1988ൽ വനിതാ താരം സ്റ്റെഫി ഗ്രാഫ് മാത്രമാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്.

Read Also: ടോക്യോ ഒളിമ്പിക്സ്: ഹോക്കി ക്വാർട്ടറിൽ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണെ നേരിടും

ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ജോക്കോവിച്ചിനെ രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും കീഴടക്കിയാണ് സ്വെരെവ് സെമി പോരാട്ടം വിജയിച്ചത്. റഷ്യൻ താരം കാരെൻ ഖച്ചനോവിനെയാണ് സ്വെരെവ് ഫൈനലിൽ നേരിടുക. സ്പെയിൻ്റെ പാബ്ലോ ബുസ്റ്റയെ 6-3, 6-3 എന്ന സ്കോറിനു കീഴടക്കിയാണ് കാരെൻ ഫൈനലുറപ്പിച്ചത്. വെങ്കല മെഡലിനായി ജോക്കോവിച്ചും ബുസ്റ്റയും ഏറ്റുമുട്ടും.

അതേസമയം, ടോക്യോ ഒളിമ്പിക്സ് വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റൺ സെമിഫൈനലിൽ സിന്ധുവിൻ്റെ എതിരാളി ലോക ഒന്നാം നമ്പർ താരമായ തായ് സു-യിങ്. ചൈനീസ് തായ്പേയിയുടെ താരമായ സു-യിങ് തായ്ലൻഡിൻ്റെ ഇൻ്റനോൺ രത്ചനോകിനെയാണ് ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത്. സ്കോർ 14-21, 21-18, 21-18.

2012, 2016 ഒളിമ്പിക്സുകളിൽ പങ്കെടുത്തിട്ടുള്ള സു-യിങ് ഇതുവരെ അവസാന നാലിൽ എത്തിയിട്ടില്ല. 2016ൽ നടന്ന റിയോ ഒളിമ്പിക്സിൻ്റെ പ്രീ ക്വാർട്ടറിൽ പിവി സിന്ധുവിനോട് പരാജയപ്പെട്ടാണ് താരം പുറത്തായത്. നാളെ ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം 2.30നാണ് സെമിഫൈനൽ പോരാട്ടം.

Story Highlights: tokyo olympics djokovic lost tennis doubles

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here