‘ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി നൊവാക് ജോക്കോവിച്ച്
വിവാദ വെളിപ്പെടുത്തലുമായി മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനെത്തിയപ്പോഴുണ്ടായ ദുരനുഭവമാണ് താരം വെളിപ്പെടുത്തിയത്. 2022 ൽ നടന്ന സംഭവമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മെൽബണിൽ വെച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് നൊവാക് ജോക്കോവിച്ച് പറയുന്നത്.
കോവിഡ് -19 നെതിരെ വാക്സിനേഷൻ എടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഓസ്‌ട്രേലിയയിൽ നിയമപോരാട്ടം തുടരുന്നതിനിടെ മെൽബണിൽ ഒരു ഹോട്ടലിൽ തങ്ങേണ്ടി വന്നിരുന്നു. ഇതിനിടെയാണ് ഭക്ഷണത്തിൽ മെർക്കുറി കലർത്തി തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നതായി താരം ആരോപിക്കുന്നത്. കോവിഡ് വാക്സീൻ സ്വീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ പിന്നീട് ഓസ്ട്രേലിയ ജോക്കോവിച്ചിനെ നാടുകടത്തിയിരുന്നു.
ജിക്യു എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നൊവാക് ജോക്കോവിച്ച് ഇക്കാര്യങ്ങൾ പറയുന്നത്. സെർബിയയിൽ കുടുംബത്തെ കണ്ടു മുട്ടിയപ്പോൾ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നു. ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ തനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഇതിലാണ് തനിക്ക് വിഷം കലർന്ന ഭക്ഷണം നൽകിയതായി തിരിച്ചറിഞ്ഞതെന്ന് നൊവാക് ജോക്കോവിച്ച് പറഞ്ഞു.
Read Also: ‘ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ അല്ല, ഔദ്യോഗിക ഭാഷ മാത്രമാണ്’: മുൻ ഇന്ത്യൻ താരം ആർ അശ്വിൻ
സെർബിയയിൽ നടത്തിയ പരിശോധനയിൽ ശരീരത്തിൽ കൂടിയ അളവിൽ ലെഡിന്റയും മെർക്കുറിയുടെയും അംശം കണ്ടെത്തിയെന്ന് ജോക്കോവിച്ച് പറയുന്നു. ഇത്രയും അളവിൽ ലെഡിന്റയും മെർക്കുറിയുടെയും ശരീരത്തിലെത്താൻ ഭക്ഷണത്തിലൂടെ മാത്രമേ കഴിയൂ എന്ന് താരം പറയുന്നു. വിഷയത്തിൽ ആസ്ട്രേലിയൻ ആഭ്യന്തര മന്ത്രാലയത്തെ ബന്ധപ്പെട്ടെങ്കിലും സ്വകാര്യത മാനിച്ച് കൂടുതൽ പ്രതികരിക്കാൻ തയാറായിട്ടില്ല.
ഓസ്ട്രേലിയ പിന്നീട് ജോക്കോവിച്ചിന്റെ വീസ പുനഃസ്ഥാപിച്ചിരുന്നു. ഇതിൽ തനിക്ക് സന്തോഷമുണ്ടെന്ന് താരം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 11ാം ഓസ്ട്രേലിയൻ ഓപ്പണും 25ാം ഗ്രാൻഡ് സ്ലാം കിരീടവുമാണ് ജോക്കോവിച്ച് ഇത്തവണ ലക്ഷ്യം വെക്കുന്നത്. ഞായറാഴ്ച മുതലാണ് ഓസ്ട്രേലിയൻ ഓപ്പൺ തുടങ്ങുന്നത്. ഒരു ഗ്രാൻസ്ലാം കിരീടവും ഇല്ലാതെയാണ് ജോക്കോവിച്ച് 2024 അവസാനിപ്പിച്ചത്.
Read Also: Novak Djokovic claims his food was contaminated in Australian Open 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here