ടോക്യോ ഒളിമ്പിക്സ്: വനിതാ ഹോക്കി സെമിഫൈനലിൽ ഇന്ത്യ അർജന്റീനയെ നേരിടും

ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കി സെമിഫൈനലിൽ ഇന്ത്യ അർജൻ്റീനയെ നേരിടും. ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ള അർജൻ്റീന മൂന്നാം നമ്പർ താരം ജർമ്മനിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് അവസാന നാലിലെത്തിയത്. ഓഗസ്റ്റ് നാലിനാണ് സെമിഫൈനൽ മത്സരങ്ങൾ നടക്കുക. (womens hockey india argentina)
ഒളിമ്പിക്സിൽ ഇതുവരെ സ്വർണ മെഡൽ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ട് വെള്ളി മെഡലുകൾ സ്വന്തമാക്കാൽ അർജൻ്റീനയ്ക്ക് സാധിച്ചിട്ടുണ്ട്. 2000 സിഡ്നി ഒളിമ്പിക്സിലും 2012 ലണ്ടൻ ഒളിമ്പിക്സിലും അർജൻ്റീനയ്ക്കായിരുന്നു വെള്ളി മെഡൽ. 2012 ഒളിമ്പിക്സിനു ശേഷം ഇത് ആദ്യമായാണ് ലാറ്റിനമേരിക്കൻ സംഘം ഒളിമ്പിക്സ് സെമിയിലെത്തുന്നത്.
ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ സെമിയിലെത്തുന്നത്. ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ സെമി തൊട്ടത്. ഗുർജിത് കൗറാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്.
Read Also: ചരിത്രം കുറിച്ച് വനിതാ ടീം; ഹോക്കിയിൽ ഇന്ത്യ സെമിയിൽ
അതേസമയം, 49 വർഷത്തിനു ശേഷം ഒളിമ്പിക്സ് സെമി യോഗ്യത നേടിയ പുരുഷ ടീമിന് സെമിയിൽ ബെൽജിയത്തെയാണ് നേരിടേണ്ടത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്ഥിരതയോടെ കളിക്കുന്ന ടീമാണ് ബെൽജിയം. 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യ ക്വാർട്ടർ ഫൈനൽ കളിച്ച് പരാജയപ്പെട്ടത് ബെൽജിയത്തോടായിരുന്നു. 3-1 എന്ന സ്കോറിന് ഇന്ത്യയെ കീഴടക്കി സെമിയിലെത്തിയ ബെൽജിയം നെതർലൻഡിനെ അതേ സ്കോറിനു പരാജയപ്പെടുത്തി ഫൈനൽ കളിച്ചു. എന്നാൽ, ഫൈനലിൽ അർജൻ്റീനയോട് രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബെൽജിയം പരാജയപ്പെടുകയായിരുന്നു.
2018 ഹോക്കി ലോകകപ്പിൽ ജേതാക്കളായ ടീമാണ് ബെൽജിയം. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും ബെൽജിയവും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2 എന്ന നിലയിൽ സമനിലയായി. ക്വാർട്ടറിൽ ഇന്ത്യ നെതർലൻഡിനോട് തോറ്റുപുറത്തായി. ഫൈനലിൽ നെതർലൻഡിനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന ബെൽജിയം കിരീടം സ്വന്തമാക്കുകയായിരുന്നു.
ടോക്യോ ഒളിമ്പിക്സിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഒന്ന് പോലും പരാജയപ്പെടാതെയാണ് ബെൽജിയത്തിൻ്റെ വരവ്. ഗ്രേറ്റ് ബ്രിട്ടണെതിരെ 2-2 എന്ന നിലയിൽ സമനില വഴങ്ങിയതൊഴിച്ചാൽ ആധികാരിക ജയത്തോടെയാണ് നിലവിലെ ലോക ചാമ്പ്യന്മാർ സെമി ടിക്കറ്റെടുത്തത്.
ഇന്ത്യയാവട്ടെ, ഓസ്ട്രേലിയക്കെതിരെ 7-1ൻ്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീനയെ അടക്കം കീഴടക്കിയാണ് സെമിയിൽ പ്രവേശിച്ചത്.
Story Highlights: tokyo olympics womens hockey semifinal india argentina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here