Advertisement

പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററില്‍; രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍

August 5, 2021
Google News 2 minutes Read
FIR against rahul gandhi

രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ്. ഡല്‍ഹിയില്‍ പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതിനാണ് കേസെടുത്തത്. അഭിഭാഷകനായ വിനീത് ജിന്‍ഡാലിന്റെ പരാതിയിന്മേലാണ് കേസെടുത്തത്.(FIR against rahul gandhi)

ട്വീറ്റിനെതിരെ ദേശീയ ബാലാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു. ചിത്രം പങ്കുവച്ചതിനെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ചിത്രം നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ് നീക്കം ചെയ്യാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

കൊല്ലപ്പെട്ടുവെന്ന് ആരോപിക്കുന്ന ഒമ്പതു വയസുകാരിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ഇവര്‍ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം വാഹനത്തിലിരുന്ന് സംഭാഷണത്തിലേര്‍പ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തില്‍ വ്യക്തമായി കാണാനാകും.പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് അവളെ തിരിച്ചറിയാനിടയാക്കുന്നത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കാനും ട്വീറ്റ് നീക്കം ചെയ്യാനും ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ട്വീറ്റ് ചെയ്തു.

Read Also: പരസ്പരം വിമര്‍ശിച്ച് പ്രധാനമന്ത്രിയും പ്രതിപക്ഷവും; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ ഐഡന്റിറ്റി ഏതെങ്കിലും മാധ്യമം വഴി വെളിപ്പെടുത്തുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്‌സോ നിയമം എന്നിവ പ്രകാരം നിയമവിരുദ്ധമാണെന്നും കമ്മീഷന്‍ ട്വിറ്റര്‍ ഇന്ത്യയോട് വ്യക്തമാക്കി. ഞായറാഴ്ചയാണ് ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതു വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് അക്രമികള്‍ മൃതദേഹം ബലമായി ദഹിപ്പിക്കുകയും ചെയ്തിരുന്നു. മകളുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ടായിരുന്നുവെന്നും പൂജാരിയാണ് മകളെ ബലാത്സംഗം ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

Story Highlights: FIR against rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here