‘നടന്മാർ ജനങ്ങൾക്ക് മാതൃകയാവണം’; ധനുഷിനും മദ്രാസ് ഹൈക്കോടതിയുടെ വിമർശനം

മനേഷ് മൂർത്തി
നടൻ വിജയ്ക്ക് പിന്നാലെ ആഡംബര കാറിന് നികുതിയിളവ് ചോദിച്ചെത്തിയ ധനുഷിനും മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പണമുള്ളവർ നികുതി ഇളവ് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. നടന്മാർ ജനങ്ങൾക്ക് മാതൃകയാവണം. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതിയില്‍ ഇളവു തേടിയാണ് ധനുഷ് കോടതിയെ സമീപിച്ചത്.
പാൽ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുന്നു. താരങ്ങൾ ഇളവ് തേടി കോടതിയെ സമീപിക്കുന്നുന്നത് എന്തിനാണെന്ന് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ ചോദിച്ചു.
വിലകൂടിയ കാറുമായി റോഡിലിറങ്ങുമ്പോൾ ആ റോഡ് ഇത്തരം നികുതി പണം കൊണ്ടു നിർമിച്ചതാണെന്ന് ഓർക്കണമെന്നും ജഡ്ജി പറഞ്ഞു.
പ്രവേശന നികുതി റദ്ദാക്കിയ കേരള ഹൈക്കോടതി വിധി, സുപ്രിംകോടതി റദ്ദാക്കിയ സമയത്ത് തന്നെ ധനുഷ് നികുതി അടയ്ക്കണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. നികുതി പൂര്‍ണമായി അടയ്ക്കാമെന്നും ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ധനുഷ് ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. ജോലി സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചത് എന്തിന് വേണ്ടിയാണെന്ന് നാളെ അറിയിക്കണമെന്നും കോടതി ധനുഷിന് നിർദ്ദേശം നൽകി. 2015ലാണ് ധനുഷ് നികുതി ഇളവ് ആവശ്യപ്പെട്ട് ഹർജി നൽകിയത്.
സമാനമായ കേസിൽ അതിരൂക്ഷമായ വിമർശനമായിരുന്നു നടൻ വിജയ്ക്ക് നേരെയും കോടതി ഉന്നയിച്ചിരുന്നത്. നികുതി അടയ്ക്കാത്തത് ദേശവിരുദ്ധപ്രവർത്തനമാണെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം ആകാശത്ത് നിന്ന് വരുന്നതല്ല. സാധാരണക്കാരന്റെ അധ്വാനത്തിന്റെ പങ്കാണ്. അതുകൊണ്ട് തന്നെ നികുതിയടച്ച് താരങ്ങൾ ജനങ്ങൾക്ക് മാതൃകയാവണമന്നും കോടതി പറഞ്ഞു.
Read Also: ഇറക്കുമതി കാറിന്റെ നികുതി: നടന്‍ വിജയ്ക്ക് തിരിച്ചടി; ഒരുലക്ഷം രൂപ പിഴ
താരങ്ങൾ മാത്രമാണ് ഇത്തരം ഹർജികളുമായി എത്തുന്നത് എന്ന് നിരീക്ഷിച്ച കോടതി, വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പിന്നീട് ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കുകയായിരുന്നു.
Story Highlights: madras HC criticize dhanush
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here