പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതി വാൽ വെട്ടാൻ തീരുമാനിച്ച് തമിഴ്നാട് സർക്കാർ

ജാതിയുടെ പേരിൽ നിരവധി ദുരഭിമാനകൊലകൾ അരങ്ങേറുന്ന തമിഴ്‌നാട്ടിൽ നിന്ന് വിപ്ലവകരമായ തീരുമാനവുമായി സംസ്ഥാന സർക്കാർ. പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതി വാൽ വീട്ടാനാണ് തമിഴ്നാട് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇനി മുതൽ പുസ്തകങ്ങളിലെ പേരിനൊപ്പം ഇനിഷ്യൽ മാത്രമേ ഉണ്ടാവുകയുള്ളു.
ചെറുപ്പത്തിൽ തന്നെ കുട്ടികളുടെ മനസ്സിൽ ജാതിയുടെ വിത്തുകൾ പാകരുതെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുന്നത്. പ്രസിദ്ധീകരണ വകുപ്പിന് ഇത് നടപ്പിലാക്കാനുള്ള നിർദേശം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നൽകി കഴിഞ്ഞു. കുട്ടികൾക്ക് മാതൃകയെന്ന നിലയിൽ അവതരിപ്പിച്ചുകൊടുക്കുന്ന വ്യക്തികളുടെ പേരിനൊപ്പം ജാതിവാൽ ചേർത്ത് കണ്ടാൽ കുട്ടികൾ അത് മാതൃകയാക്കുമെന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം.
തമിഴ്‌നാട്ടിൽ മുൻപ് മുഖ്യമന്ത്രിമാരായിരുന്ന എം.ജി.ആർ, കരുണാനിധി എന്നിവർ സമാനമായ തീരുമാനമെടുത്തിരുന്നു. തമിഴ്‌നാട്ടിൽ തെരുവുകൾക്ക് പോലും പ്രമുഖ വ്യക്തികളുടെ പേരുകൾ നൽകുന്ന പതിവുകൾ ഉണ്ടായിരുന്നു. തെരുവുകൾക്ക് പേര് നൽകുമ്പോൾ ജാതിപ്പേര് ഒഴിവാക്കണമെന്ന് എം.ജി.ആറും ജില്ലകൾക്ക് പേര് നൽകുമ്പോൾ സമാനമായ രീതി സ്വീകരിക്കണമെന്ന് 1997ൽ കരുണാനിധിയും ഉത്തരവിട്ടിരുന്നു. സമാനമായ വഴിയിൽ സഞ്ചരിച്ചാണ് സ്റ്റാലിനും ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
Story Highlights: Tamilnadu drops caste surnames of eminent scholars from textbook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here